പ്രവാസി സംരംഭകർക്ക് പരിശീലനവും വായ്പാസഹായവുമൊരുക്കി നോർക്ക റൂട്ട്സ്

  |   Kozhikodenews

കോഴിക്കോട്: നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രവാസികൾക്കായുള്ള പുനരധിവാസ പരിപാടിയുടെ (എൻ.ഡി.പി.ആർ.എം.) ഭാഗമായി സംരംഭകത്വ പരിശീലനവും വായ്പയോഗ്യതാ നിർണയക്യാമ്പും നടത്തി. ജില്ലാ സഹകരണബാങ്ക്, സെന്റർ ഫോർ മാനേജിങ് ഡെവലപ്പ്മെന്റ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ പ്രവാസികൾക്ക് സ്വയംതൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ സേവനങ്ങളും വായ്പകളും ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലിചെയ്തശേഷം തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട്സ് ഫോർ റിട്ടേൺ ഇമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം.) എന്ന പദ്ധതിയുമായി ജില്ലാ സഹകരണബാങ്ക് സഹകരിക്കും. 20 ലക്ഷം രൂപ അടങ്കൽ മൂലധനച്ചെലവ്‌ വരുന്ന പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും ആദ്യ നാലുവർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ക്യാമ്പിൽ 100 പേരെ വായ്പ അനുവദിക്കുന്നതിനായി തിരഞ്ഞെടുത്തു. അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. കോർപ്പറേഷൻ കൗൺസിലർ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. കെ.ഡി.സി. ബാങ്ക് അഡ്മിനിസ്ട്രേറ്ററും സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുമായ വി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. കെ.ഡി.സി. ബാങ്ക് ജനറൽ മാനേജർ കെ.പി. അജയകുമാർ, സി.എം.ഡി. ഡയറക്ടർ ജി. സുരേഷ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, സി.എം.ഡി. അസോസിയേറ്റ് പ്രൊ. കെ. വർഗീസ്, ഡി. ജഗദീശ്, എൻ. നവനീത് കുമാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ http://v.duta.us/KBu1pQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/USm7KQAA

📲 Get Kozhikode News on Whatsapp 💬