മേക്കളപ്പാറയിൽ വീണ്ടും പുലിയിറങ്ങി

  |   Palakkadnews

മണ്ണാർക്കാട്: മലയോരമേഖലയായ കണ്ടമംഗലം മേക്കളപ്പാറയിൽ വീണ്ടും പുലിയിറങ്ങി. വീട്ടുമുറ്റത്തെ കൂടിനകത്തുനിന്ന് ഏഴ് ആടുകളെ പുലി കടിച്ചതായി പരാതി. ഇതിൽ ആറെണ്ണം ചത്തു. ഒരെണ്ണം അവശനിലയിലായി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.മേക്കളപ്പാറയിലെ പുത്തൻപുരയ്ക്കൽ പി.കെ. മൈക്കിളിന്റെ ആടുകളെയാണ് പുലി പിടിച്ചത്. രാവിലെ പാൽ കറക്കാനായി കൂട്ടിനടുത്തെത്തിയ വീട്ടുകാരാണ് ആടുകളെ മുഴുവൻ പുലി പിടിച്ചതായി കണ്ടത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് കൂട്ടിനകത്ത് കെട്ടിയിട്ട ആട്ടിൻകൂട്ടത്തെയാണ് പുലി ആക്രമിച്ചതെന്ന് പറയുന്നു. അഞ്ചുവയസ്സുള്ള കറവയുള്ള മൂന്ന്‌ ആടുകളും ഒരു വയസ്സുള്ള മൂന്ന്‌ ആടുകളുമാണ് ചത്തത്. കൂടിന് സമീപത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി.കോട്ടോപ്പാടം വെറ്ററിനറി സർജൻ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആടുകളെ പോസ്റ്റ്‌മോർട്ടം നടത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ആക്രമണത്തിന്റെ ലക്ഷണം കണ്ട് ഒന്നിൽക്കൂടുതൽ പുലികളുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. പുലിയിറങ്ങി ആടുകളെ പിടിക്കുന്നത്‌ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പ് അയ്‌നെല്ലി ഉണ്ണീൻകുട്ടിയുടെ ഒരാടിനെയും വളർത്തുപട്ടിയെയും പുലി ആക്രമിച്ചു. പകൽനേരത്ത് പ്ലാത്തോട്ടത്തിൽ സോണിയുടെ ആടിനെയും പുലി പിടിച്ചു. പടിഞ്ഞാറെ വഴിപ്പറമ്പിൽ ജോസഫിന്റെ ഏഴ് ആടുകളെ ഏതാനും ദിവസംമുമ്പ് പുലി പിടിച്ചിരുന്നു. കൊറ്റൻകോടൻ അബുവിന്റെ നാല്‌ പശുക്കുട്ടികളെയും പുലി പിടിച്ചിരുന്നു. തുടർച്ചയായി ഈ മേഖലയിലുണ്ടാവുന്ന പുലിശല്യം നാട്ടുകാരെയാകെ അങ്കലാപ്പിലാക്കിയിരിക്കയാണ്.മേക്കളപ്പാറയിൽ പുലിക്കെണി സ്ഥാപിച്ചുപുലിയുടെ ആക്രമണത്തെത്തുടർന്ന് ഭീതി പരന്ന കണ്ടമംഗലം മേക്കളപ്പാറയിൽ വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചു. സ്ഥലത്തെത്തിയ വനം ഡെപ്യൂട്ടി റെയ്‌ഞ്ചർ എം. ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ്‌ മേക്കളപ്പാറയിൽ കെണി സ്ഥാപിച്ചത്‌. ശാശ്വതപരിഹാരമുണ്ടാക്കണംകണ്ടമംഗലം മേക്കളപ്പാറയിൽ പുലിശല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് കർഷകസംഘം ഏരിയാസെക്രട്ടറി എൻ. മണികണ്ഠൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയിൽ, വില്ലേജ് സെക്രട്ടറി ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.

ഫോട്ടോ http://v.duta.us/qewATAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JVzqjQAA

📲 Get Palakkad News on Whatsapp 💬