മാവേലിക്കര നഗരസഭയുടെ വാതക ശ്മശാനം മരണശയ്യയിൽ

  |   Alappuzhanews

മാവേലിക്കര: ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച മാവേലിക്കര നഗരസഭയുടെ വാതകശ്മശാനം തുരുമ്പെടുക്കുന്നു. നഗരസഭാ പരിധിയിലെ ഭൂരഹിതർ ബന്ധുക്കളുടെ മൃതദേഹം സംസ്‌കരിക്കാനായി നെട്ടോട്ടമോടുമ്പോഴാണ് ഈ അനാസ്ഥ.2005-ലാണ് അന്നത്തെ എം.എൽ.എ. എം.മുരളിയുടെ പ്രാദേശിക വികസന ഫണ്ടും നഗരസഭയുടെ പദ്ധതിവിഹിതവും ചേർത്ത് വാതകശ്മശാന നിർമാണം ആരംഭിച്ചത്. 2008-ൽ നിർമാണം പൂർത്തീകരിച്ച് ശ്മശാനം തുറന്നു. ആദ്യഘട്ടത്തിൽ ഏതാനും മൃതദേഹങ്ങൾ ഇവിടെ സംസ്‌കരിച്ചെങ്കിലും ഇടയ്ക്ക് വൈദ്യുതി മുടങ്ങുന്നത് പ്രവർത്തനത്തിന് വിഘാതമായി. ഇതുമൂലം അടച്ചിട്ട ശ്മശാനം പിന്നീട് നഗരസഭ ജനറേറ്റർ സ്ഥാപിച്ച ശേഷമാണ് വീണ്ടും തുറന്നത്. ഇതിനുശേഷവും പ്രവർത്തനം ഏറെനാൾ മുന്നോട്ടുപോയില്ല.പുകക്കുഴൽ ശരിയായി പ്രവർത്തിക്കാത്തതുകാരണം മെഷീൻ സ്ഥാപിച്ചിരിക്കുന്ന മുറിയ്ക്കുള്ളിൽ പുക തിങ്ങുന്നുവെന്നതായിരുന്നു അടുത്തപ്രശ്‌നം. ഇതു മൂലം വീണ്ടും ഏതാനും വർഷമായി ശ്മശാനം അടഞ്ഞുകിടക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞവർഷം നഗരസഭ ഏഴുലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.ശ്മശാനം പ്രവർത്തിക്കാത്തതുമൂലം നഗരസഭാതിർത്തിയിലെ ഭൂരഹിതരാണ് ബുദ്ധിമുട്ടിലാകുന്നത്. നഗരസഭാ പ്രദേശത്ത് ഇതല്ലാതെ മറ്റൊരു പൊതുശ്മശാനമില്ല. കണ്ടിയൂർ ശ്മശാനത്തിൽ കണ്ടിയൂർ പ്രദേശത്ത് താമസിക്കുന്നവരുടെ മൃതദേഹം മാത്രമാണ് സംസ്‌ക്കരിക്കാൻ അനുവാദമുള്ളത്. നഗരസഭാ പരിധിയിലെ മറ്റ് സ്ഥലങ്ങളിലുള്ള ഭൂരഹിതർ ബന്ധുക്കളുടെ മൃതദേഹം സംസ്‌ക്കരിക്കാൻ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ചയാണ്. ചിലർ കായംകുളത്തെയോ തിരുവല്ലയിലെയോ പൊതുശ്മശാനങ്ങളെ ആശ്രയിക്കാറുണ്ട്. ഒരാഴ്ച മുമ്പ് തട്ടാരമ്പലം സ്വദേശിയായ ഗൃഹനാഥന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ മാർഗമില്ലാതെ അയൽവാസിയുടെ വീട്ടിലേക്കുള്ള ഇടവഴിയിൽ സംസ്‌കരിച്ച സംഭവം ഉണ്ടായി.

ഫോട്ടോ http://v.duta.us/GddlgQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/IMZNNQAA

📲 Get Alappuzha News on Whatsapp 💬