കാട്ടാന വീട്ടുമുറ്റത്ത്; ഭീതിയോടെ ചെമ്പനരുവി

  |   Kollamnews

പത്തനാപുരം : പുലർച്ചെ രണ്ടുമണിയോടെ വീട്ടുമുറ്റത്ത് ശബ്ദംകേട്ടുണർന്ന വീട്ടുകാർ കതകുതുറന്നു പുറത്തുവന്നപ്പോൾ തൊട്ടുമുന്നിൽ കാട്ടാന. മറ്റോരുവാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു കടമ്പുപാറ നമ്പ്യാർമഠത്തിൽ തങ്കച്ചനും കുടുംബവും. ആന തിരികെ കാടുകയറിയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട്ടുമുറ്റത്തും പുരയിടത്തിലും നട്ടിരുന്ന വാഴകൾ നശിപ്പിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. നാളുകളായി ജനങ്ങളിൽ ഭീതിയുണർത്തുന്ന ഒറ്റയാനാണ് ഇവിടെ ഇറങ്ങിയത്. ജനവാസകേന്ദ്രമായ ഇവിടെ തൊട്ടടുത്തുകൂടിയാണ് അലിമുക്ക്-അച്ചൻകോവിൽ പാത കടന്നുപോകുന്നത്. കൃഷിയിടങ്ങളിൽ വല്ലപ്പോഴുമുണ്ടാകുമായിരുന്ന കാട്ടാനശല്യം ഇപ്പോൾ വീട്ടുമുറ്റത്തുവരെ എത്തിയതിന്റെ ഞെട്ടലിലാണ് ചെമ്പനരുവി നിവാസികൾ. ഈഭാഗത്ത് വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സൗരവേലി നശിപ്പിച്ചാണ് ആന ജനവാസകേന്ദ്രത്തിലെത്തിയത്. മുള്ളുമല കോളനിയിലും കാട്ടാനകൾ കഴിഞ്ഞദിവസം രാത്രി നാശം വിതച്ചു. കോളനിവാസിയായ ശശിയുടെ വെറ്റിലക്കൊടി, കമുകിൻതോട്ടം എന്നിവ ആനക്കൂട്ടം നശിപ്പിച്ചു. ഗിരിവർഗ കോളനിയെ ആനശല്യത്തിൽനിന്ന്‌ സംരക്ഷിക്കാൻ വനംവകുപ്പ് തീർത്ത കിടങ്ങ് ആനക്കൂട്ടം മണ്ണ്കുത്തിമറിച്ചിട്ട് നികത്തിയാണ് ഇപ്പുറമെത്തിയത്. ആന മരച്ചില്ലകൊണ്ട് അടിച്ചാലുടൻ തകരുന്ന സൗരവേലിയും പാതിനികന്ന കിടങ്ങുകളുമാണുള്ളതെന്ന പരാതിയാണ് പ്രദേശവാസികൾക്ക്‌. ഉറപ്പേറിയതും സദാ വൈദ്യുതി പ്രവഹിക്കുന്നതുമായ സൗരവേലിയും ആഴമേറിയ കിടങ്ങുകളും തീർക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥകാട്ടുന്നെന്ന ആക്ഷേപവും ശക്തമാണ്.

ഫോട്ടോ http://v.duta.us/hembDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/eJnl4wAA

📲 Get Kollam News on Whatsapp 💬