മഞ്ഞും കൊടുംചൂടും പിന്നെ മഴയും

  |   Ernakulamnews

കൊച്ചി: പുലർച്ചെ പതിവില്ലാതെ കനത്ത മഞ്ഞ്... ഉച്ചയ്ക്ക് കൊടുംചൂട്... വൈകുന്നേരം കോരിച്ചൊരിയുന്ന മഴ... ബുധനാഴ്ച നഗരത്തിൽ അത്ര പരിചിതമല്ലാത്തൊരു കാലാവസ്ഥയായിരുന്നു. വൈകീട്ട് അഞ്ചോടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. ഇടിമിന്നലോടു കൂടിയ മഴയും നിർത്താതെയുള്ള കാറ്റും നഗരവാസികളെയാകെ ദുരിതത്തിലാക്കി. മഴ ശക്തമായപ്പോൾ നഗരത്തിലെ ഇടറോഡുകളിലാകെ വെള്ളക്കെട്ട് രൂക്ഷമായി. എം.ജി. റോഡ്, ഇടപ്പള്ളി ടോൾ ജങ്ഷൻ, ഇടപ്പള്ളി ബാങ്ക് ജങ്ഷൻ എന്നീ പ്രധാന റോഡുകളെല്ലാം പതിവുപോലെ വെള്ളത്തിലായി.ഇതിനോടൊപ്പമായിരുന്നു ഇടറോഡുകളിലെ വെള്ളക്കെട്ടും. പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷതേടാൻ ഇടറോഡുകളെ ആശ്രയിച്ചവർ കുടുങ്ങി.മാമംഗലം-പൊറ്റക്കുഴി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടന്നു. കലൂർ, വസന്ത്നഗർ റോഡ്, കലൂർ-കതൃക്കടവ് റോഡിന് സമാന്തരമായി ഉപയോഗിക്കുന്ന ആസാദ് റോഡ്, ഷേണായി റോഡ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിന്നു. കലൂർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലും വെള്ളം കയറി. എറണാകുളം നോർത്ത് പരിസരത്തും വെള്ളക്കെട്ടുണ്ടായി. പരമാര റോഡിലും എം.ജി. റോഡിൽ നിന്നുള്ള ദൊരൈസ്വാമി റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുമുള്ള ഇടറോഡുകളിലും വലിയ വെള്ളക്കെട്ടായിരുന്നു. റോഡുകളിൽനിന്ന് ഓടകളിലേക്ക് വെള്ളം ഒഴുകിപ്പോകാനിട്ടിരുന്ന ദ്വാരങ്ങൾ അടഞ്ഞുപോയതാണ് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് കാരണമായത്. ഇടറോഡുകളിൽ ഓടകളിൽ നിന്ന് വെള്ളം കൃത്യമായി ഒഴുകിപ്പോകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

ഫോട്ടോ http://v.duta.us/9HDMuAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KETEogAA

📲 Get Ernakulam News on Whatsapp 💬