മൂന്നുകൂട്ടരും കൈക്കുപിടിച്ചാൽ ആരുടെ കൂടെ പോകും ?

  |   Alappuzhanews

അരൂർ: പള്ളിത്തോട് നിവാസികൾ ശരിക്കും ആശങ്കയിലാണ്. ആർക്ക് വോട്ടുകൊടുക്കും എന്നതാണ് പ്രശ്നം. തങ്ങളുടെ ദുരിതാവസ്ഥ ഉയർത്തിക്കാട്ടിയപ്പോൾ മൂന്നുമുന്നണിക്കാരും അവർക്കുമുന്നിലെത്തി ഉറപ്പുനൽകി. ഇനി ആരുടെ ഉറപ്പാണ് ഉറപ്പെന്നും കുറുപ്പിന്റെ ഉറപ്പ് ആരുടേതെന്നും ഇഴപിരിക്കുകയാണിപ്പോൾ. പള്ളിത്തോട് പാലത്തിന്റെ ഇറക്കത്തിലെ 37 കുടുംബങ്ങളുടേത് ദുരിതമേറിയകാര്യമാണ്. കടലേറ്റമുണ്ടായാൽ മുങ്ങിപ്പോകുന്ന പ്രദേശമാണ്. 11 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ താമസിക്കുന്ന ഇവിടേക്ക് ഒരു റോഡുവേണം. 450 മീറ്റർ നീളത്തിൽ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയ അനുമതിപത്രവും ഇവരുടെ പക്കലുണ്ട്. റോഡില്ലാത്തതിനാൽ ഇവിടെയുള്ള കുടുംബങ്ങൾക്ക് വീടുവയ്ക്കാൻപോലും കഴിഞ്ഞിട്ടില്ല. ഒരു ലോഡ് മെറ്റലിന് 8000 രൂപയാകും പള്ളിത്തോട്ടിലെത്തിക്കാൻ. ഇത് ഇവിടുള്ള വീടുകളിലെത്തിക്കുമ്പോൾ കൂലിച്ചെലവുൾപ്പെടെ 11,000 രൂപയാകും. ഇങ്ങനെയായാൽ സർക്കാർ അനുവദിക്കുന്ന നാലുലക്ഷം രൂപയ്ക്ക് എങ്ങനെ വീടുപണിയുമെന്ന് പ്രദേശവാസിയായ സനൂപ്‌ ചോദിക്കുന്നു. കക്കൂസുപോലും നിർമിക്കാൻ കഴിയാത്ത കുടുംബങ്ങൾ ഇവിടുണ്ട്.എന്തായാലും പ്രശ്നം മുന്നോട്ടുവച്ചപ്പോൾ മൂന്നുമുന്നണിക്കാരും മുന്നോട്ടുവച്ച നിർദേശങ്ങൾ പറയാം.യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ -തിരഞ്ഞെടുപ്പിൽ ജയിച്ചാലുംതോറ്റാലും പ്രശ്നം പരിഹരിക്കാൻ ഇടപെടും.എൽ.ഡി.എഫിനുവേണ്ടി സജി ചെറിയാൻ എം.എൽ.എ. - ജയിച്ചാലുംതോറ്റാലും സ്വന്തം ഉത്തരവാദിത്വത്തിൽ ഇവിടുത്തെ പ്രശ്നം പരിഹരിക്കും. എൻ.ഡി.എ.യ്ക്കുവേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ - ജയിച്ചാലുംതോറ്റാലും എൻ.ഡി.എ. എം.പി.മാരുടെ സഹായത്തിൽ പ്രശ്നപരിഹാരമുണ്ടാക്കും.ശരിക്കും കൺഫ്യൂഷനിലാണ് നാട്ടുകാരെന്ന് പറഞ്ഞാമതിയല്ലോ. ഏതായാലും നാലുദിവസം കൊണ്ട് ചിന്തിച്ച് ഉറപ്പിച്ച് വോട്ടുചെയ്യും. അതുറപ്പ്.

ഫോട്ടോ http://v.duta.us/34dfOAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H6tXUwAA

📲 Get Alappuzha News on Whatsapp 💬