വിഗ്ഗ് ദുഖമാണുണ്ണീ...കഷണ്ടിയല്ലോ സുഖപ്രദം

  |   Malappuramnews

മലപ്പുറം: കഷണ്ടിത്തലയായതിന്റെ പേരിൽ ഇനി തലയിൽ മുണ്ടിട്ടോ തലകുനിച്ചോ നടക്കേണ്ട. കഷണ്ടിക്കാരും സംഘടിച്ച് ശക്തരാവുകയാണ്. മലപ്പുറത്ത് കഴിഞ്ഞദിവസം കഷണ്ടിക്കാരുടെ കൂട്ടായ്മ രൂപവത്കരിച്ചു. 'ഓൾ കേരള ബാൾഡ് ഹെഡഡ് പീപ്പിൾസ് അസോസിയേഷൻ' എന്നാണ് സംഘടനയുടെ പേര്.ശാരീരിക വൈകല്യമുള്ളവർ അത് മറയ്ക്കാൻ ശ്രമിക്കാതെ ജീവിക്കുന്നില്ലേ. പിന്നെ കഷണ്ടിമാത്രം എന്തിന് മറയ്ക്കണം..? കൂട്ടായ്മയിലുയർന്ന ചോദ്യമാണിത്. അപകർഷതാ ബോധത്തിന്റെ മറവിൽ കഷണ്ടിക്കാരെ വിഗ്ഗുകമ്പനികൾ ചൂഷണംചെയ്യുന്നതിനെതിരേ മുന്നറിയിപ്പുമായാണ് യോഗം അവസാനിച്ചത്.കഷണ്ടികാരണം നിരാശയിൽ ജീവിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങളുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകാനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി കഷണ്ടിക്കാരുടെ സംഘടന തുടങ്ങുകയെന്ന ആശയം നടൻ മാമുക്കോയയിൽനിന്നാണ് ലഭിച്ചതെന്ന് സംഘാടകരിലൊരാളായ കോട്ടയ്ക്കൽ പാണ്ടമംഗലത്തെ ടി.കെ. രവി പറയുന്നു.വിഗ്ഗു വെക്കാതെത്തന്നെ കഷണ്ടിയുമായി ജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാവണം. കഷണ്ടി ഒരു വൈകല്യമല്ല. കൃത്രിമ മുടിക്ക് ഒട്ടേറേ പ്രശ്നങ്ങളുണ്ട്. മഴനനയാൻ പോലും പറ്റില്ല. മാത്രമല്ല, പലതും തൊപ്പി പോലെയാണ്. എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യും. ലക്ഷക്കണക്കിന് രൂപയാണ് വിഗ്ഗിന്റെപേരിൽ പല കമ്പനികളും അടിച്ചുമാറ്റുന്നത്. അതിലും ഭേദം സ്വാഭാവികമായ തലയുമായി ജീവിക്കുന്നതല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.കഷണ്ടിക്കാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മ നേരത്തേ ഉണ്ടാക്കിയിരുന്നു. ഇരുനൂറോളം പേർ അതിൽ അംഗങ്ങളാണ്. ഇവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് യോഗം ചേർന്നത്. അമ്പതോളംപേർ യോഗത്തിൽ പങ്കെടുത്തു.സംസ്ഥാനത്തെ കഷണ്ടിക്കാരായ കലാ,സാംസ്‌കാരിക,സാമൂഹിക മേഖലയിൽപ്പെട്ട പ്രമുഖരെക്കൂടി ചേർത്ത് സംഘടന വിപുലമാക്കാനാണ് പദ്ധതിയെന്ന് ചെയർമാൻ മുനീർ ബുഖാരി പറയുന്നു.ആയിരത്തോളം കഷണ്ടിക്കാരെ ചേർത്ത്‌ ഒരു കൂട്ടയോട്ടം നടത്താനും പരിപാടിയുണ്ട്. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്ന കഷണ്ടിക്കാർ സ്വന്തം ഫോട്ടോയും വാട്‌സ്ആപ്പ് നമ്പറുംവെച്ച് 9847000509 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഫോട്ടോ http://v.duta.us/i_eHAQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Tj0iaQAA

📲 Get Malappuram News on Whatsapp 💬