സർവസൈന്യാധിപനായി നാടിന്റെ സ്വന്തം എ.കെ...

  |   Alappuzhanews

ചേർത്തല: ബുധനാഴ്ച 3.30. പാട്ടുകുളങ്ങരയിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽ നിറഞ്ഞ നേതാക്കൾക്കിടയിലേക്ക് ചെറുചിരിയുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആൻറണിയെത്തി. മുദ്രാവാക്യം വിളികൾക്കിടയിൽ പ്രവർത്തകരോടും നേതാക്കളോടും സൗഹൃദം പങ്കിട്ടായിരുന്നു ദേശീയപാതയിൽനിന്ന്‌ ഓഫീസിലേക്കുള്ള വരവ്. സ്വീകരിക്കാനെത്തിയ ഷിബു ബേബിജോണിനെയും എൻ.കെ.പ്രേമചന്ദ്രനെയും തിരിച്ച്‌ ഷാളണിയിച്ച എ.കെ. നാട്ടുകാരനായി.കോൺഗ്രസ് നേതാക്കളായ ടി.ജി.പത്മനാഭൻനായർ, സി.കെ.ഷാജിമോഹൻ അടക്കമുള്ളവരുമായി കുശലങ്ങൾ പറഞ്ഞ് നേരെ പത്രപ്രവർത്തകർക്കുമുന്നിലേക്ക് .നർമരസം നിറച്ചായിരുന്നു തുടക്കം. പൊക്കം കൂട്ടാൻ രണ്ടുകസേര ഇടാമെന്ന നിർദേശത്തെ 'ഇല്ലാത്ത പൊക്കം എനിക്കുവേണ്ടെന്നും ഇതാണെന്റെ പൊക്ക'മെന്നുമുള്ള കമന്റ് പൊട്ടിച്ചിരിക്കുവഴിവെച്ചു. സി.പി.എമ്മിനെയും ബി.ജെ.പി.യെയും കടന്നാക്രമിച്ചു വാക്കുകൾ.തുടർന്ന്, സമ്മേളനനഗരിയായ തൈക്കാട്ടുശ്ശേരിയിലേക്ക്‌ തിരിക്കുംമുന്നേ കുറച്ചുനാൾ മുൻപ്‌ അന്തരിച്ച കെ.പി.സി.സി. സെക്രട്ടറി എം.കെ.അബ്ദുൾഗഫൂർ ഹാജിയുടെ വീട്ടിലെത്തി കുടുബാംഗങ്ങളുമായി സംസാരിച്ചു.തൈക്കാട്ടുശ്ശേരിയിൽ സമ്മേളനം തുടങ്ങിയപ്പോൾത്തന്നെ ഇടിയോടെ മഴയെത്തി.മഴയ്ക്കിടയിൽ പ്രവർത്തകർ ഒരുക്കിയ ആവേശക്കുടചൂടിയാണ് നാടിന്റെ സ്വന്തം നേതാവെത്തിയത്. ധീരാവീരാ... ആദർശധീരാ... മുദ്രവാക്യങ്ങൾ മുഴങ്ങി. കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണിയുടെ പ്രസംഗം തടസ്സപ്പെടുത്താതെ വേദിയിലേക്ക്. താഴെനിന്ന യൂത്ത് കോൺഗ്രസ് നേതാവ് എസ്.ശരത്തിനെ വേദിയിലേക്കുവിളിച്ചു കയറ്റി.ഇതിനിടെ പ്രസംഗിച്ച എം.ലിജു കോൺഗ്രസിന്റെ സർവസൈന്യാധിപനായാണ് എ.കെ.യെ വിശേഷിപ്പിച്ചത്. പ്രസംഗത്തിൽ തനി ചേർത്തലക്കാരനായി മാറി. മണ്ഡലത്തിലെ തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും യു.ഡി.എഫ്. നടപ്പാക്കിയ വികസന പദ്ധതികളും എണ്ണം പറഞ്ഞു നിരത്തുമ്പോൾ സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാനും എത്തി. പ്രസംഗം ഒന്നുനിർത്തി സ്ഥാനാർഥിയെ സ്വീകരിച്ച് പൊതുരാഷ്ടീയത്തിലേക്കുകടന്നപ്പോൾ പിണറായിയെയും മോദിയെയും കടന്നാക്രമിച്ച് സർവസൈന്യാധിപനായി, നിർദേശങ്ങൾ നൽകിയായിരുന്നു മടക്കം.തീരദേശറോഡിലൂടെ സ്ഥാനാർഥിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുത്താണ് അടുത്ത സമ്മേളന സ്ഥലമായ എഴുപുന്ന പാറായി കവലയിലെത്തിയത്. നാടറിഞ്ഞ നേതാവായിത്തന്നെ അവിടെയും വാക്കുകൾ: 8.30ഓടെ മടക്കം.

ഫോട്ടോ http://v.duta.us/u4dtRQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JN5AkQAA

📲 Get Alappuzha News on Whatsapp 💬