അക്ഷരമധുരം നുകർന്ന്

  |   Kozhikodenews

'ഹരിശ്രീ ഗണപതയേ നമഃ' ആദ്യക്ഷരത്തിന്റെ മധുരം നുണഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ ചുണ്ടിൽ പുഞ്ചിരി. ചിലർ പരിഭ്രമംകാരണം കരഞ്ഞു. കളിയും ചിരിയും കരച്ചിലുമായി വിജയദശമിനാളിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യക്ഷരം നുകർന്നത്. ദുർഗാദേവി മഹിഷാസുരനെ വധിച്ച് വിജയം കൈവരിച്ചതാണ് വിജയദശമി എന്ന സങ്കല്പം. ആയുധങ്ങളും ഗ്രന്ഥങ്ങളും തൂലികയും സംഗീതോപകരണങ്ങളും ദേവിയുടെ പാദത്തിൽ സമർപ്പിച്ച് പൂജിച്ചശേഷം വിജയദശമിദിനത്തിൽ അവ പ്രാർഥനാപൂർവം തിരികെയെടുക്കുന്നു.ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും മറ്റുസ്ഥാപനങ്ങളിലും രാവിലെമുതൽ വിദ്യാരംഭത്തിന്റെ തിരക്കായിരുന്നു. ക്ഷേത്രങ്ങളിൽ വിശേഷാൽപൂജകളും വാഹനപൂജയും നടന്നു. ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ നവരാത്രിയാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിജയദശമിദിവസം രാവിലെ പൂജ എടുപ്പിനുശേഷം മേൽശാന്തി ഷിബുശാന്തിയുടെ നേതൃത്വത്തിൽ സമൂഹവിദ്യാരംഭം നടത്തി. ഭക്തരെ ദേവീക്ഷേത്രത്തിനുമുമ്പിൽ ഇരുത്തി താലങ്ങളിൽ പൂഴിനിരത്തി ഹരിശ്രീ കുറിച്ചു. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, സുരേഷ്ബാബു എടക്കോത്ത്, കെ.വി. അനേഖ്, കൃഷ്ണദാസ് തച്ചപ്പുള്ളി എന്നിവർ പങ്കെടുത്തു. സരസ്വതിപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും വാഹനപൂജയുമുണ്ടായിരുന്നു. ക്ഷേത്രയോഗത്തിന്റെയും സായ് വേദവാഹിനി(കേരള)യുടെയും നേതൃത്വത്തിൽ ഏകാദശരുദ്രജപയജ്ഞവും നടന്നു. തിരുത്തിയാട് അഴകൊടി ദേവീക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തി വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സി.എൻ. ശങ്കരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.വളയനാട് ദേവീക്ഷേത്രത്തിന്റെ വിജയദശമി ആഘോഷം വട്ടോളി ക്ഷേത്രത്തിൽ നടന്നു. വട്ടോളി ഇല്ലത്ത് കുഞ്ഞിശങ്കരൻ മൂസ്സത് കുട്ടികളെ എഴുത്തിനിരുത്തി. കാഴ്ചശീവേലി, ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട് എന്നിവയും നടന്നു.വരയ്ക്കൽ ദുർഗാദേവീക്ഷേത്രത്തിൽ രാവിലെ അഞ്ചുമുതൽ വാഹനപൂജ ആരംഭിച്ചു. രാവിലെ എട്ടുമുതൽ ഗ്രന്ഥമെടുപ്പ് നടത്തി. വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തി ശ്രീരാജ് നമ്പൂതിരി കാർമികത്വം വഹിച്ചു. ഗാന്ധിറോഡ് ദുർഗാദേവീക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭച്ചടങ്ങുകൾ രാവിലെ എട്ടിന് ആരംഭിച്ചു. മേൽശാന്തി പറവഴി ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സരസ്വതിപൂജ, ദേവീമാഹാത്മ്യപാരായണം, വാഹനപൂജ എന്നിവ നടന്നു. പാളയം തളി രേണുകാമാരിയമ്മൻ കോവിലിൽ മേൽശാന്തി നീലിമല കൃഷ്ണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. ഗ്രന്ഥമെടുപ്പ്, നാഗസ്വരക്കച്ചേരി, ദേവീവിഗ്രഹവുമായി നഗരപ്രദക്ഷിണം എന്നിവയും നടന്നു.തൊണ്ടയാട് നാരകത്ത് ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി എൻ.എം. ശ്രീധരൻ നമ്പൂതിരി വിദ്യാരംഭച്ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സരസ്വതിപൂജ, വാഹനപൂജ എന്നിവയും നടന്നു. പന്നിയങ്കര ദുർഗാഭഗവതിക്ഷേത്രത്തിൽ കവി പി.എസ്. നമ്പീശൻ, പി.കെ. നരേന്ദ്രനാഥ് എന്നിവർ വിദ്യാരംഭച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. തളി മഹാഗണപതി-ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ രാവിലെ വിദ്യാരംഭച്ചടങ്ങുകൾ തുടങ്ങി. പഞ്ചരത്ന കീർത്തനാലാപനവും ഉണ്ടായിരുന്നു. എരഞ്ഞിപ്പാലം തായാട്ട് ഭഗവതിക്ഷേത്രത്തിൽ വാഹനപൂജ, വിദ്യാരംഭം എന്നിവ നടന്നു. വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ മഹാഗണപതിക്ഷേത്രത്തിൽ മേൽശാന്തി വിനയൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. വാഹനപൂജ, സരസ്വതിപൂജ എന്നിവയുമുണ്ടായിരുന്നു. ചേവരമ്പലം അരുളപ്പാട് ദേവീക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തി തായാട്ട് ഇല്ലം വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കാരപ്പറമ്പ് നെല്ലികാവ് ഭഗവതിക്ഷേത്രത്തിൽ ആയുധപൂജ, സരസ്വതിപൂജ, വാഹനപൂജ എന്നിവ നടന്നു. മേൽശാന്തി അരീക്കര ഇല്ലം വാസുദേവൻ കുട്ടികളെ എഴുത്തിനിരുത്തി. പുതിയകോവിലകംപറമ്പ് മാരിയമ്മൻ ക്ഷേത്രത്തിൽ മേൽശാന്തി ബൈജു കുട്ടികളെ എഴുത്തിനിരുത്തി. ദശമിപൂജ, പൂജ എടുപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവയുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി. യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ചേർത്തല ശ്രീനാരായണ തപോവനം മഠാധിപതി സ്വാമി പ്രണവസ്വരൂപാനന്ദയുടെ കാർമികത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. സമൂഹശാന്തി ഹവനവും ഗുരുദേവ അഷ്ടോത്തരനാമാർച്ചനയും ശാരദാ അഷ്ടോത്തരനാമാർച്ചനയും നടന്നു.

ഫോട്ടോ http://v.duta.us/CsR8QgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DQbS8gAA

📲 Get Kozhikode News on Whatsapp 💬