ആദ്യക്ഷരമെഴുതി, അകക്കണ്ണു തുറന്ന്

  |   Thiruvananthapuramnews

തിരുവനന്തപുരം: അകക്കണ്ണു തുറക്കാനുള്ള അക്ഷരവരംതേടി ആയിരക്കണക്കിനു കുരുന്നുകൾ വിജയദശമിനാളിൽ ആദ്യക്ഷരം കുറിച്ചു. പൂജവയ്പ്പുള്ള ക്ഷേത്രങ്ങളിലെല്ലാം ചൊവ്വാഴ്ച രാവിലെ ദർശനത്തിനും വിദ്യാരംഭത്തിനും നല്ല തിരക്കായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാൻ പുലർച്ചെ മുതൽ ഭക്തജനത്തിരക്കായിരുന്നു. എണ്ണൂറോളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നട, ആറ്റുകാൽ ഭഗവതിക്ഷേത്രം, ചട്ടമ്പിസ്വാമി സ്മാരകം, കരിക്കകം ചാമുണ്ഡിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം എന്നിവിടങ്ങളിൽ പ്രമുഖർ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ പാരമ്പര്യ സമ്പ്രദായത്തിൽ എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നിവയിൽ വിദ്യാരംഭം നടന്നു. തുഞ്ചൻപറമ്പിൽ നിന്നെത്തിച്ച മണലിൽ ഹരി ശ്രീ എഴുതിയവർക്ക് ആചാര്യന്മാർ അഷ്ടദ്രവ്യവും താളിയോലയും നൽകി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടന്നു. നവരാത്രി വിഗ്രഹങ്ങൾക്കിന്ന് നല്ലിരിപ്പ്ചൊവ്വാഴ്ച പൂജയെടുപ്പിനു ശേഷം ആര്യശാല ക്ഷേത്രത്തിൽനിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. കരമനയിൽനിന്ന്‌ രാവിലെ 9-ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. തുടർന്ന് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽനിന്നു പുറപ്പെട്ട കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകീട്ട് 4.30-ന് പള്ളിവേട്ടയ്ക്കു ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു. സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽനിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിനു മുന്നിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്കു ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്കു മടക്കിക്കൊണ്ടുപോയി. ബുധനാഴ്ച വിഗ്രഹങ്ങൾക്കു നല്ലിരുപ്പാണ്. വ്യാഴാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രങ്ങളിലേക്കു തിരിച്ചെഴുന്നള്ളിക്കും. ശനിയാഴ്ച ഘോഷയാത്ര പദ്‌മനാഭപുരത്തെത്തും.

ഫോട്ടോ http://v.duta.us/O2bT1QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sYNnZAAA

📲 Get Thiruvananthapuram News on Whatsapp 💬