ആധുനിക സംവിധാനങ്ങളുള്ള പാത; കോട്ടയം- കോഴഞ്ചേരി റോഡിൽ അപകടം പതിവ്
കറുകച്ചാൽ: കോട്ടയം-കോഴഞ്ചേരി റോഡിൽ അപകടങ്ങൾ പതിവ്. തോട്ടയ്ക്കാട്, പാറപ്പ, നരിമറ്റംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ നരിമറ്റംകവലയിൽ കറുകച്ചാലിൽനിന്ന് കോട്ടയം ഭാഗത്തേക്കുപോയ കാർ നിയന്ത്രണംവിട്ട് മതിൽ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് മന്ദിരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് പാറപ്പയിലായിലാണ് രണ്ടാമത്തെ അപകടം. കറുകച്ചാലിൽനിന്ന് കോട്ടയത്തേക്കുപോയ കാർ എതിർദിശയിലെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യാത്രക്കാരനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച തോട്ടയ്ക്കാട് മാർ അപ്രേം പള്ളിക്കുസമീപം നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നാലു ബൈക്കുകളിൽ ഇടിച്ചുകയറിയിരുന്നു. യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിന് തൊട്ടുപിന്നാലെ കാറുകൾ കൂട്ടിയിടിച്ചിരുന്നു. തിരക്കേറിയ കോട്ടയം- കോഴഞ്ചേരി റോഡിൽ, പാറപ്പ, തോട്ടയ്ക്കാട് തുടങ്ങിയ ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ യാത്രക്കാർ ഭീതിയിലാണ്. അമിത വേഗവും റോഡ് നിർമാണത്തിലെ അപാകവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
ഉന്നതനിലവാരത്തിൽ വീതികൂട്ടി ടാർ ചെയ്ത റോഡിൽ ആവശ്യത്തിന് വേഗനിയന്ത്രണ സംവിധാനങ്ങളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാത്തതാണ് പ്രശ്നം. കൊടുംവളവുകൾ നിവർത്താത്തതും അപകടത്തിന് ആക്കംകൂട്ടുന്നു. അന്യസ്ഥലങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്.
ഫോട്ടോ http://v.duta.us/sVyCsAAA
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/oi8d9gAA