ആവേശത്തിര തീർത്തവർ കാൽപ്പന്തുമായി വീണ്ടുമെത്തി

  |   Malappuramnews

മലപ്പുറം: 1990-കളിൽ കേരളത്തിനകത്തും പുറത്തും ഇലവൻസ്, സെവൻസ് മൈതാനങ്ങളിൽ ആവേശത്തിരകൾ തീർത്ത താരങ്ങളുടെ ചരിത്ര സംഗമത്തിനായിരുന്നു കഴിഞ്ഞദിവസം കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. വീര കഥകളിലൂടെ മാത്രം കേട്ടുശീലിച്ച താരങ്ങളുടെ ഫുട്‌ബോൾ ഇന്ദ്രജാലം പുതുതലമുറയ്ക്ക് കാണാനുള്ള സുവർണ്ണാവസരമായിരുന്നു ഫുട്‌ബോൾ ലവേഴ്‌സ് അസോസിയേഷൻ 'കെട്ടുപന്തിന്റെ കൂട്ടുകാർ' എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ഫുട്‌ബോൾമത്സരം. ഐ.എം. വിജയൻ 11 (തൃശ്ശൂർ), എം. സുരേഷ് 11 (കണ്ണൂർ-കാസർകോട്, കോഴിക്കോട്), യു. ഷറഫലി 11 (മലപ്പുറം), അയൂബ് 11 (പാലക്കാട്) തുടങ്ങിയ ടീമുകളുടെ ജഴ്‌സിയിൽ ജില്ലകൾ തിരിച്ചാണ് ടീമുകൾ കളത്തിലിറങ്ങിയത്.മുൻ ഇന്ത്യൻ താരങ്ങളായ ജോപോൾ അഞ്ചേരി, എം. സുരേഷ്, ഹബീബ് റഹ്‌മാൻ, സുൽഫിക്കർ, ഷബീറലി, മുഹദൻസ് ക്ലബ്ബ് താരം നിയാസ് റഹ്‌മാൻ, സന്തോഷ് ട്രോഫി ക്യാപ്റ്റൻ എഡിസൻ, ലയണൽ തോമസ് (എസ്.ബി.ടി.), ജിദേഷ്, നെൽസൺ, ഹർഷൻ, അഫ്‌സൽ റഹ്‌മാൻ, കണ്ണാപ്പി തുടങ്ങി സന്തോഷ് ട്രോഫി താരങ്ങളും രാജ്യത്ത് മികച്ച ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞവരും വിവിധ ജഴ്‌സികളിൽ കളത്തിലറങ്ങി.സെവൻസ് മൈതാനത്തെ എക്കാലത്തേയും മികച്ച കളിക്കാരായ അൽമദീന ചെർപ്പുളശ്ശേരിയുടെ അയ്യൂബ്, ബാലു, ഗിരിദർ, അശോകൻ, അഷറഫ്, ശങ്കുണ്ണി എന്നിവരും ബൂട്ടണിഞ്ഞു. മത്സരത്തിൽ അയൂബ് 11-ഉം ഐ.എം. വിജയൻ 11-ഉം സംയുക്ത ജേതാക്കളായി.പരിപാടിയുടെ ഭാഗമായി കളിക്കാരുടെ ഒത്തുകൂടലും പ്രതിനിധി സമ്മേളനവും പ്രചോദനക്ലാസും നടന്നു. പൊതുസമ്മേളനം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം മുഖ്യാതിഥിയായി. കെ.എഫ്.എ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരാല അബ്ദുൾകരീം, സംസ്ഥാന സെക്രട്ടറി റഫീഖ് പടന്ന, റഫറി ആലിക്കോയ കോഴിക്കോട് എന്നിവരെ ആദരിച്ചു.ഫുട്‌ബോൾ ലവേഴ്‌സ് അസോസിയേഷൻ പുതിയ സംസ്ഥാന ഭാരവാഹികളായി സൂപ്പർ അഷറഫ് മലപ്പുറം (പ്രസി.), ഈപ്പൻ റഫീഖ് അരീക്കോട് (ജന. സെക്ര.) നിയാസ് റഹ്‌മാൻ കോഴിക്കോട് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. പഴയകാല ഫുട്‌ബോൾ താരങ്ങളിൽ അവശജീവിതം നയിക്കുന്നവരെ കണ്ടെത്തി അവർക്ക് സഹായംനൽകുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

ഫോട്ടോ http://v.duta.us/cu5LUQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/bk7tsAAA

📲 Get Malappuram News on Whatsapp 💬