ആലേങ്ങാട് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം:രണ്ടു പേർ ആസ്പത്രിയിൽ

  |   Thrissurnews

കല്ലൂർ: ആലേങ്ങാട് ദേഹാസ്വാസ്ഥ്യത്തെതുടർന്ന് രണ്ടുപേർ ചികിത്സയിൽ. സമീപവാസികൾ വീടൊഴിഞ്ഞു. പൈനാപ്പിൾ തോട്ടത്തിലെ കീടനാശിനി പ്രയോഗം മൂലമാണെന്നാണ് ആരോപണം. ആലേങ്ങാട് എലുവുങ്ങൽ ശാന്തകുമാരി, വടുതല ശിവൻ എന്നിവരാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആലേങ്ങാട് പാലത്തിനു സമീപം അംബരൻകുന്നിലെ ഒന്നര ഏക്കർ വരുന്ന ഭാഗത്താണ് പൈനാപ്പിൾ കൃഷി നടക്കുന്നത്. ഇവിടെ പ്രയോഗിക്കുന്ന കീടനാശിനിയും രാസവസ്തുക്കളുമാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തൃക്കൂർ കൃഷി ഓഫീസർ കവിത, മെഡിക്കൽ ഓഫീസർ ഷീന വാസു, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അംഗീകാരമുള്ള കീടനാശിനി തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും എന്നാൽ നിർദിഷ്ട അളവിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് സംശയമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.ചുമയും ശ്വാസംമുട്ടും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാർ ചികിത്സ തേടിയത്. അടിയന്തരമായി കീടനാശിനി പ്രയോഗം നിർത്തിവയ്‌ക്കാൻ കൃഷി ഓഫീസർ നിർദേശം നൽകി. സമീപത്തെ ജലസ്രോതസ്സുകളിൽ കീടനാശിനി കലരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പരിശോധന സംഘം പറഞ്ഞു. തോട്ടത്തിൽ പ്രയോഗിക്കുന്ന കീടനാശിനിയുടെ സാമ്പിളുകൾ സംഘം ശേഖരിച്ചിട്ടുണ്ട്.

ഫോട്ടോ http://v.duta.us/rozTjQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_nxBYwAA

📲 Get Thrissur News on Whatsapp 💬