ഇത്തവണ അവർ പരീക്ഷയെഴുതും ഒറ്റപ്പാലം പോലീസിന്റെ സഹായത്തിൽ

  |   Palakkadnews

ഒറ്റപ്പാലം: അഭിരാമിയും റിജിനും ഒരു സ്വപ്‌നമുണ്ട്. കഴിഞ്ഞതവണ മുടങ്ങിയ എസ്.എസ്.എൽ.സി. പരീക്ഷ ഇത്തവണ തടസ്സങ്ങളൊന്നുമില്ലാതെ എഴുതണം. വിജയിക്കണം. ഇത്തവണ ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഒറ്റപ്പാലം പോലീസാണ് കൂടെയുള്ളതെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും. പഠിക്കാൻ സാമ്പത്തികമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി സഹായിക്കാനുള്ള കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുവർക്കും പരീക്ഷയ്ക്കുള്ള സാഹചര്യമൊരുക്കിക്കൊടുക്കുന്നത്. മാർച്ചിലുള്ള പരീക്ഷയെഴുതാനും പഠിക്കാനുമുള്ള ചെലവും സാഹചര്യവും പോലീസ് നൽകും. അതിന് ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിന്റെ സഹായവും ഇവർക്കുണ്ട്.2019-ലെ എസ്.എസ്.എൽ.സി. പരീക്ഷാസമയത്താണ് വാണിയംകുളം പനയൂർ സ്വദേശിയായ അഭിരാമിയുടെ അമ്മ മരിക്കുന്നത്. അതോടെ അത്തവണ പരീക്ഷ മുടങ്ങി. അച്ഛനില്ലാത്ത അഭിരാമി അപ്പൂപ്പനും അമ്മൂമ്മയ്‌ക്കുമൊപ്പമാണ് കഴിയുന്നത്. വീണ്ടും പരീക്ഷയെഴുതാൻ ഒരുങ്ങിയപ്പോഴാണ് അമ്മൂമ്മ കുഴഞ്ഞുവീണത്. ഇതോടെ വീണ്ടും പരീക്ഷയെഴുത്ത് മുടങ്ങി. അപ്പൂപ്പന്റെ പെൻഷൻമാത്രമാണ് വരുമാനം.കടുത്ത സാമ്പത്തികപ്രശ്നമനുഭവിക്കുന്ന വിദ്യാർഥിയാണ് കാഞ്ഞിരക്കടവ് സ്വദേശിയായ റിജിൻ. ഇതുമൂലം കഴിഞ്ഞതവണ പരീക്ഷയ്‌ക്ക് പഠിക്കാനോ പരീക്ഷയിൽ വിജയിക്കാനോ ആയില്ല.ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ നാഷണൽ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർമാരും അധ്യാപകരുമായ പ്രഭയും ആനന്ദുമാണ് ഇവർക്കായി പോലീസിനൊപ്പമുള്ളത്. കോളേജിലെ ബിരുദവിദ്യാർഥികളായ കാർത്തിക്കും അഭിയയും ഇവർക്ക് ട്യൂഷനെടുക്കും. അങ്ങനെ ഇത്തവണത്തെ പരീക്ഷയിൽ എസ്.എസ്.എൽ.സി. നേടാമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ഒറ്റപ്പാലം സി.ഐ. എം.സുജിത്ത്, എസ്.ഐ. എസ്. അനീഷ്, എസ്.ഐ. കെ.പി. ജോർജ്, പി. കമലം, സതീഷ്‌കുമാർ എന്നിവരാണ് ഉദ്യമത്തിന് പിന്നിൽ.

ഫോട്ടോ http://v.duta.us/RalWvgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/RDnZuwAA

📲 Get Palakkad News on Whatsapp 💬