എട്ടുമനയിലെ പുലി പൂച്ചയോ?

  |   Thrissurnews

ചേർപ്പ്: ഊരകം, പല്ലിശ്ശേരി എന്നിവിടങ്ങളിൽ പുലിയെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കേ കഴിഞ്ഞ ദിവസം എട്ടുമനയിൽ പുലി ഇറങ്ങിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാക്കി. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ കാട്ടു പൂച്ചയുടെ ആകാനാണ് സാധ്യതയെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ജാഗരൂകരാകാൻ നാട്ടുകാർക്ക് നിർദേശം നൽകി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ തെക്കൂടൻ ബിജോയ് (36) ആണ് വീടിന് സമീപം പുലിയെ കണ്ടതായി പറഞ്ഞത്. 'മുറുക്കിയ ശേഷം വായ കഴുകാനായി ശ്രമിക്കുന്നതിനിടെ പുറത്ത് ഒരു മുരൾച്ച കേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഏകദേശം രണ്ടടി ഉയരവും നാലടി നീളവുമുണ്ട്. ഭയന്നു വിറച്ച് വീട്ടുകാരെ വിളിച്ച് മുറിയിലേക്ക് ഓടിക്കയറുന്നതിനിടെ ചവിട്ടുപടിയിൽ വീണ് ശരീരത്തിന്‌ പരിക്കേറ്റു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ദൂരെനിന്ന്‌ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ശേഷം നാട്ടിലെ കുറെ പേരെ ഫോണിലൂടെ വിളിച്ച് അറിയിച്ചു.'-ബിജോയ് പറഞ്ഞു. നേരം വെളുത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രദേശത്ത് പല ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾക്ക് സമാനമായ രീതിയിൽ കണ്ടു. പഞ്ചായത്തംഗം കെ.ആർ. സിദ്ധാർഥൻ, കൃഷ്ണൻ കുട്ടി നടുവിൽ എന്നിവർ വനം വകുപ്പിനെ അറിയിച്ചു. ചാലക്കുടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രവീന്ദ്രൻ, ഫിലിപ്പ് കൊറ്റനെല്ലൂർ, ജെ. ജഗൻ എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.പുലിയുടെയും കാട്ടുപൂച്ചയുടേയും കാൽപ്പാടുകളുടെ ചിത്രം അടക്കം നാട്ടുകാർക്ക് പ്രദർശിപ്പിച്ച് കാര്യങ്ങൾ വിശദീകരിച്ചു. ഊരകം അഞ്ചോവ്‌, പണ്ടാരച്ചിറ, തരിശ് എന്നിവയ്ക്ക് മധ്യേ കാടുപിടിച്ച വലിയ പ്രദേശം ഉണ്ട്. വളർത്തു നായ്ക്കൾ അടക്കം കാണാതായിട്ടുണ്ടെന്നും ചിലതിന്റെ അവശിഷ്ടം കണ്ടതായും നാട്ടുകാർ പറഞ്ഞു.

ഫോട്ടോ http://v.duta.us/lPo2XgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Tdnx-QAA

📲 Get Thrissur News on Whatsapp 💬