കല്പാത്തിയിൽ രഥപ്രയാണം തുടങ്ങി

  |   Palakkadnews

പാലക്കാട്: വാദ്യഘോഷങ്ങൾ ഉച്ചത്തിലായി. അതിനും മേലേ നാമജപഘോഷമുയർന്നു. ആചാരത്തികവിൽ കല്പാത്തിയുടെ ഗ്രാമദേവതകൾ വിശ്വാസത്തേരേറി. കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടേയും പരിവാരദേവതകളുടേയുമായി മൂന്ന് രഥങ്ങൾ അഗ്രഹാരവീഥിയിൽ പ്രയാണം തുടങ്ങി. മായാവരത്തെ മയൂരനാഥന്റെ രഥോത്സവ സ്മരണയിൽ പൈതൃകഗ്രാമം ഭക്തിയുടെ നിറദീപങ്ങൾ തെളിയിച്ച് ദേവതകളെ വരവേറ്റു. വ്യാഴാഴ്ച രാവിലെ ഉപനിഷദ് പാരായണത്തിനും വേദപാരായണസമാപ്തിക്കുംശേഷം വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ തിരുകല്യാണ ഉത്സവം നടന്നു. തുടർന്ന്, വിശാലാക്ഷീസമേത വിശ്വനാഥസ്വാമി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെ അലങ്കാരത്തികവോടെ പുറത്തേക്കെഴുന്നള്ളിച്ച് രഥാരോഹണം നടത്തി. തുടർന്ന്, കിഴക്ക് ദിക്കിലേക്ക് രഥങ്ങൾ കുറച്ച് വലിച്ചുവെച്ചു. വൈകീട്ട് നാലിന് രഥപ്രയാണം തുടങ്ങി. പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുന്നിലെത്തി തിരിച്ച് അച്ചൻപടിക്കുമുന്നിലെത്തി നിലയ്ക്കുനിർത്തി. രാത്രി പൂജകളും നടന്നു. രണ്ടാം തേരുനാളായ വെള്ളിയാഴ്ച മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ രഥം പ്രയാണമാരംഭിക്കും. വ്യാഴാഴ്ച രാത്രി കുതിരവാഹനത്തിലായിരുന്നു മന്തക്കര മഹാഗണപതിയുടെ ഗ്രാമപ്രദക്ഷിണം. 15-ന് രാവിലെ എട്ടിന് ഉപനിഷദ് പാരായണശേഷം 9.30-നും 10.30-നുമിടയിലാണ് രഥാരോഹണം. വൈകീട്ട് നാലിന് രഥപ്രയാണം തുടങ്ങും. ഉച്ചയ്ക്ക് മഹാഗണപതി കല്യാണമണ്ഡപത്തിൽ ഉത്സവസദ്യയുണ്ടാവും. ശനിയാഴ്ച പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാളുടേയും ചാത്തപ്പുരം പ്രസന്നമഹാഗണപതിയുടേയും രഥങ്ങൾ പ്രയാണം തുടങ്ങും. സന്ധ്യയോടെ കല്പാത്തി തേരുമുട്ടിയിലാണ് ദേവരഥസംഗമം.

ഫോട്ടോ http://v.duta.us/_SMJ_QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/85NFOQAA

📲 Get Palakkad News on Whatsapp 💬