ചാച്ചാജിക്ക് സല്യൂട്ടുമായി ഭിന്നശേഷിക്കുട്ടികൾ; കളിച്ചും ചിരിച്ചും ശിശുദിന സൗഹൃദക്കൂട്ടായ്മ

  |   Thiruvananthapuramnews

കഴക്കൂട്ടം: സംസ്ഥാനത്ത് ഭിന്നശേഷിക്കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമുള്ള സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിൽ ശിശുദിന സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ചിരിച്ചും സംവദിച്ചുമാണ് മന്ത്രി ചടങ്ങിൽ പങ്കെടുത്തത്. ഒരധ്യാപകനായി അവരോടു ചോദ്യങ്ങൾ ചോദിച്ചു. ഉത്തരം പറയുന്നവർക്ക് സമ്മാനം വാഗ്ദാനംചെയ്തും പ്രോത്സാഹിപ്പിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിന് ഏഴുവേദികളോടുകൂടി മാജിക് പ്ലാനറ്റിൽ തയ്യാറാക്കിയ ഡിഫറന്റ് ആർട്ട്‌ സെന്റർ ലോകജനതയെ കണ്ണുതുറപ്പിക്കുന്ന സംരംഭമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സിനിമാനടൻ ഇന്ദ്രൻസ് മുഖ്യാതിഥിയായി. ഡിഫറന്റ് ആർട്ട്‌ സെന്ററിലെ കുട്ടികൾ വരച്ച നെഹ്റുചിത്രങ്ങൾ നല്കിയാണ് പുതിയ മേയർ കെ.ശ്രീകുമാറിനെ വരവേറ്റത്. സെന്ററിൽ പരിശീലിക്കുകയും കലാവതരണം നടത്തുകയുംചെയ്യുന്ന നൂറുകുട്ടികളെ ഉൾപ്പെടുത്തിയാണ് സൗഹൃദക്കൂട്ടായ്മ ആവിഷ്‌കരിച്ചിരിക്കുന്നത്. അവരുടെ കലാപ്രകടനങ്ങൾ മന്ത്രിമാരും ഇന്ദ്രൻസും കണ്ടു. മാജിക് പ്ലാനറ്റിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കുള്ള പ്ലാനറ്റ് എക്സലൻസ് പുരസ്‌കാരം മന്ത്രി തോമസ് ഐസക്കും ബെസ്റ്റ് പ്ലാനറ്റ് അവാർഡുകൾ മന്ത്രി വി.എസ്.സുനിൽകുമാറും വിതരണംചെയ്തു. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, എം.ബി. സനിൽകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെന്ററിൽ കലാവതരണം നടത്തുന്ന കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയം വ്യാഴാഴ്ച തുടങ്ങി. ഇവരുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഇനി മുതൽ മാജിക് പ്ലാനറ്റിൽനിന്നു സന്ദർശകർക്ക് വാങ്ങാം.

ഫോട്ടോ http://v.duta.us/R09psAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/5g0T-QAA

📲 Get Thiruvananthapuram News on Whatsapp 💬