പോട്ടച്ചാൽ തോട്ടിൽ കൈയേറ്റം; വെള്ളക്കെട്ട് ഭീഷണിയിൽ അഞ്ഞൂറോളം വീട്ടുകാർ

  |   Ernakulamnews

കളമശ്ശേരി: കളമശ്ശേരി നഗരസഭാ പ്രദേശത്തെ അഞ്ഞൂറോളം വീട്ടുകാർ മഴവെള്ളക്കെട്ട് ഭീഷണിയിൽ. നഗരസഭയിലെ പ്രധാന തോടുകളിലൊന്നായ പോട്ടച്ചാൽ തോട് കടന്നുപോകുന്ന സ്ഥലങ്ങളിലെ വീട്ടുകാരാണ് മഴയെ പേടിച്ച് കഴിയുന്നത്. ഇനിയും മഴ പെയ്താൽ തോട്ടിൽ വെള്ളമുയർന്ന് കരകവിഞ്ഞൊഴുകി ജീവിതം ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയിലാണിവർ. റീബിൽഡ് പോട്ടച്ചാൽ തോട് ആക്ഷൻ കമ്മിറ്റിയും ഇവർ രൂപവത്കരിച്ചിട്ടുണ്ട്. പോട്ടച്ചാൽ തോട് അളന്നുതിട്ടപ്പെടുത്തി അനധികൃത കൈയേറ്റം ഒഴിവാക്കണമെന്നാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യം. തോടിന് ആഴം കൂട്ടി മാലിന്യം നീക്കി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കണം.റോഡിന് ചിലയിടങ്ങളിൽ 12 അടിയിലേറെ വീതിയും അഞ്ചടിയിലേറെ ആഴവുമുണ്ട്. എന്നാൽ, പല സ്ഥലങ്ങളിലും സ്വകാര്യവ്യക്തികൾ തോടു കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. ഇങ്ങനെയുള്ളിടങ്ങളിൽ മൂന്നുനാല് അടി വീതിയേയുള്ളൂ. ഇവിടങ്ങളിലൂടെ വെള്ളം വളരെ കുറഞ്ഞ തോതിലെ ഒഴുകിപ്പോകുന്നുള്ളൂ.തോട്ടിൽ മാലിന്യം അടിഞ്ഞുകൂടി കൊതുക് പെരുകിയിരിക്കുന്നു. പാട കെട്ടിക്കിടക്കുന്ന തോട്ടിൽ നിന്ന് ദുർഗന്ധവും ഉയരുന്നുണ്ട്. പലപ്പോഴും കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുകാറുണ്ട്. ഇതിനൊക്കെ അറുതി വരുത്തണമെന്നും സമീപവാസികൾ ആവശ്യപ്പെടുന്നു.സൗത്ത് കളമശ്ശേരിയിൽ നിന്ന് തുടങ്ങുന്ന തോട് നഗരസഭയിലെ വിവിധ വാർഡുകളിലൂടെ ഒഴുകി ഇടപ്പള്ളി തുകലൻ കുത്തിയ തോട്ടിലാണ് ചേരുന്നത്. അറഫ നഗർ, അൽഫിയ നഗർ, വിദ്യാനഗർ, പോട്ടച്ചാൽ നഗർ, ടൗൺഹാൾ നഗർ, മാനാത്ത് പാടം, കുമ്മഞ്ചേരി നഗർ എന്നിവിടങ്ങളിലുള്ളവരാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.വെള്ളക്കെട്ട് ഭീഷണിയുള്ള വീടുകളിലെ 60 ശതമാനത്തിലേറെ പേരും 60 വയസ്സിനു മുകളിലുള്ളവരാണെന്ന് കമ്മിറ്റിക്കാർ പറഞ്ഞു. കഴിഞ്ഞ മഴവെള്ളക്കെട്ടിൽ മിക്ക വീട്ടുകാർക്കും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇനിയുമൊരു വെള്ളക്കെട്ട് കെടുതി താങ്ങാനാവില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.പോട്ടച്ചാൽ തോട്ടിലേക്ക് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി കാനകളിലൂടെ വെള്ളം ഒഴുകിയെത്തുന്നു. മാലിന്യം അടിഞ്ഞുകൂടിയതിനാൽ ഈ കാനകളിലൂടെയും സുഗമമായി വെള്ളം ഒഴുകുന്നില്ല. ഇവയും അടിയന്തരമായും വൃത്തിയാക്കണമെന്ന് കമ്മിറ്റിക്കാർ ആവശ്യപ്പെട്ടു.

ഫോട്ടോ http://v.duta.us/J0HxwgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/No_UEQAA

📲 Get Ernakulam News on Whatsapp 💬