പുഴകളിലെ ടൂറിസം പദ്ധതി; എം.എൽ.എ.യും കളക്ടറും പുഴയിലൂടെ സഞ്ചരിച്ച് സാധ്യതകൾ വിലയിരുത്തി

  |   Kannurnews

ചെറുകുന്ന്: ടി.വി.രാജേഷ് എം.എൽ.എ.യും കളക്ടർ ടി.വി.സുഭാഷും ചേർന്ന് പഴയങ്ങാടി, കുപ്പം പുഴകളിലെ ടൂറിസം സാധ്യതകൾ വിലയിരുത്തി. ഇതിനായി പഴയങ്ങാടി മുതൽ മാട്ടൂൽ വരെയും ഏഴോം മുതൽ കുപ്പം വരെയും ഇരുവരും ബോട്ടുയാത്ര നടത്തി. മലബാർ ക്രൂസ് ടൂറിസം പദ്ധതി ഉത്തര മലബാറിലെ ടൂറിസം രംഗത്ത് വികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 80 കോടി രൂപ ഇതിനകം അനുവദിച്ചു. സംസ്ഥാന സർക്കാർ 52 കോടിയോളം രൂപ ചെലവഴിച്ച് തളിപ്പറമ്പ് കല്യാശ്ശേരി മണ്ഡലങ്ങളിൽ ടൂറിസം പദ്ധതി തുടങ്ങിയിട്ടുണ്ട്. 300 കോടിയോളം രൂപയാണ് ടൂറിസം രംഗത്ത് വിവിധ ഘട്ടങ്ങളിലായി സർക്കാർ ചെലവഴിക്കുക.കണ്ണൂർ ജില്ലയിലെ ബീച്ച് പാർക്കുകളുടെ വികസനത്തിനായിരുന്നു ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പണം ചെലവഴിച്ചിരുന്നത്. എന്നാൽ, ഇനി ജല ടൂറിസം പദ്ധതികൾക്ക് പ്രാധാന്യം നൽകും. ചുണ്ടൻ വള്ളങ്ങളുടെ വള്ളംകളി മത്സരം സംഘടിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കയാക്കിങ് മത്സരം പഴയങ്ങാടി കുപ്പം പുഴകളിൽ സംഘടിപ്പിക്കും. ഇതോടെ കേരളത്തിന് പുറത്തുനിന്നും വിദേശത്തു നിന്നും സഞ്ചാരികൾ ഇവിടെ എത്തുമെന്ന് കണ്ണൂർ കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു.കല്യാശ്ശേരി മണ്ഡലത്തിൽ ടൂറിസംവികസനത്തിന്റെ ഭാഗമായി പഴയങ്ങാടിയിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച ബോട്ട് ടെർമിനൽ ഒരു മാസത്തിനകം ഉദ്ഘാടനം ചെയ്യും. പഴയങ്ങാടി റിവർ വ്യൂ പാർക്ക് പ്രവൃത്തി നേരത്തെ പൂർത്തിയാക്കി. സുൽത്താൻതോട് നവീകരണം നടന്നുവരികയാണ്. ടൂറിസംരംഗത്ത് സഹകരണ സ്ഥാപനങ്ങളുടെ ഇടപെടൽ ശക്തമാക്കി. ഏഴോം സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടന്നു വരുന്നു. ടൂറിസം രംഗത്ത് സമഗ്രവികസനം സാധ്യമാകുമെന്ന് ടി.വി. രാജേഷ് എം.എൽ.എ.യും പറഞ്ഞു.കണ്ടൽക്കാടുകളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസംപദ്ധതിക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രാധാന്യം നൽകുന്നത്. ടൂറിസം പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും വഴിയൊരുക്കും.

ഫോട്ടോ http://v.duta.us/L3IpiQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nrB7QgAA

📲 Get Kannur News on Whatsapp 💬