ലെവൽക്രോസിൽ ലോറിയിടിച്ച് ഗേറ്റ്‌ തകർന്നു

  |   Kollamnews

കുന്നിക്കോട് : തീവണ്ടി കടന്നുപോകാൻ ലെവൽക്രോസ് അടയ്ക്കുന്നതിനിടെ അശ്രദ്ധമായി കടന്നുവന്ന ലോറിയിടിച്ച് ഗേറ്റ്‌ ഒടിഞ്ഞുവീണു. ഗേറ്റിന്റെ ഭാഗങ്ങൾ റോഡിനുകുറുകെ കുടുങ്ങിയതിനെത്തുടർന്ന് കുന്നിക്കോട്-പത്തനാപുരം പാതയിൽ അഞ്ചുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ്‌ തകർത്ത ലോറി ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കുന്നിക്കോട്‌-പത്തനാപുരം പാതയിൽ ആവണീശ്വരം ലെവൽക്രോസിലാണ് സംഭവം. ചെന്നൈ-എഗ്‌മോർ എക്സ്പ്രസ് തീവണ്ടി കടത്തിവിടാൻ ഗേറ്റ് താഴ്‌ത്തുന്നതിനിടെ പത്തനാപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.ലോറിയുടെ കാബിനിൽ ഇടിച്ച് ഗേറ്റ് തകർന്നുവീഴുകയായിരുന്നു. ഗേറ്റ് പൂർണമായും താഴ്‌ത്തുന്നതിനുമുൻപാണ് ഒരുഭാഗത്തെ ഗേറ്റ് തകർന്നത്. ഇതുകാരണം മറുഭാഗത്തെ ഗേറ്റ് അടയ്ക്കാനും കഴിഞ്ഞില്ല. ഗേറ്റ് പാളത്തിലേക്ക് പതിക്കാതിരുന്നതിനാൽ ചങ്ങലകൾ കുറുകേയിട്ട് മറുഭാഗത്ത് ഗതാഗതം തടഞ്ഞശേഷമാണ് തീവണ്ടി വേഗംകുറച്ച് കടത്തിവിട്ടത്.ഒടിഞ്ഞുവീണ ഗേറ്റ്‌ റോഡിൽനിന്ന് ഉയർത്തിമാറ്റാൻ വൈകിയതോടെ ഇതുവഴി കടന്നുവന്ന വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഒരുമണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും തകർന്ന ഗേറ്റ്‌ നന്നാക്കാനായി അത് ഉടൻതന്നെ അടച്ചു.ഉച്ചയ്ക്ക് ഒന്നരയോടെ ഗേറ്റ്‌ പുനഃസ്ഥാപിച്ചശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്‌. ഈസമയമത്രയും ഗതാഗതം ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു. അപകടമുണ്ടാക്കിയ ലോറി മലയോര ഹൈവേയുടെ നിർമാണസാമഗ്രികളുമായി വന്നതാണ്.അശ്രദ്ധമായി വാഹനമോടിച്ച് റെയിൽവേയ്ക്ക്‌ നഷ്ടമുണ്ടാക്കിയതിന് പുനലൂർ ആർ.പി.എഫ്. കേസെടുത്തു. കസ്റ്റഡിയിലെടുത്ത ലോറി ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫോട്ടോ http://v.duta.us/KmKBOwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/he2K2wAA

📲 Get Kollam News on Whatsapp 💬