സ്വപ്നങ്ങളുടെ ഈണമാണ് മിന്‍ഹയുടെ വാടകവീടുനിറയെ

  |   Wayanadnews

പടിഞ്ഞാറത്തറ: മിടുക്കിയല്ല മിടുമിടുക്കിയാണ് കലാമേളയിലെ തിളങ്ങുന്ന താരമായ ഫാത്തിമത്തുൽ മിൻഹ. യു.പി. വിഭാഗം മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും സംസ്കൃതഗാനാലാപനത്തിലും ഒന്നാംസ്ഥാനം ഈ കൊച്ചുമിടുക്കിക്കാണ്. പ്രാരബ്ധങ്ങളെമറന്ന് സംഗീതത്തിൽ തന്നെ ഉന്നതികളിലെത്തിക്കാൻ കഷ്ടപ്പെടുന്ന ഉപ്പ അഷ്റഫും ഉമ്മ ജമീലയുമാണ് ഈ പാട്ടുകാരിക്കുരുന്നിന്റെ വിജയങ്ങളുടെ ഈണം. കല്പറ്റ എച്ച്.ഐ.എം. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ മിൻഹ ഇതിനോടകംതന്നെ ടി.വി. റിയാലിറ്റി ഷോകളിലടക്കം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്.

കൂലിപ്പണിക്കാരനായ അഷ്റഫ് പാതിയിൽ മുറിഞ്ഞുപോയ തന്റെ പാട്ടുപഠനം പൂരിപ്പിക്കുന്നത് ഈ മകളിലൂടെയാണ്. നല്ല പാട്ടുകാരനായ ഈ ഉപ്പയ്ക്ക് സാഹചര്യങ്ങളാൽ പാട്ടുപഠിക്കാനായില്ല. സാമ്പത്തികബുദ്ധിമുട്ടുകൾ തന്റെ മകളുടെ സംഗീതസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്ന് അഷ്റഫിന് നിർബന്ധമുണ്ട്. എത്ര കഷ്ടപ്പാടുകൾ സഹിച്ചായാലും മിൻഹയെ കർണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിക്കുന്നുണ്ട്. മിൻഹയ്ക്ക് ടി.വി. റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞെങ്കിലും ഭാരിച്ച ചെലവുകൾ താങ്ങാനാവാതെ മത്സരത്തിൽനിന്ന് പിന്മാറേണ്ടിവന്നത് അഷ്റഫിന് തീരാദുഃഖമാണ്. കല്പറ്റ എമിലിയിലെ വാടകവീട്ടിലിരുന്ന് മകളുടെ സംഗീതസ്വപ്നങ്ങൾക്ക് വഴിയൊരുക്കുകയാണ് ഈ ഉപ്പയിപ്പോൾ. മകളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കുന്നതിനിടയിൽ സ്വന്തമായൊരു വീടെന്ന തന്റെ സ്വപ്നം അഷ്റഫ് ബോധപൂർവം മറക്കുകയാണ്. വ്യാഴാഴ്ച കലാമേളയിൽ മത്സരിക്കുന്നതിനുമുമ്പ് പ്രിയപ്പെട്ട ചിത്രാമ്മയ്ക്ക് (ഗായിക കെ.എസ്. ചിത്ര) തന്നെ അനുഗ്രഹിക്കണമെന്ന് മിൻഹ വാട്സാപ്പ് സന്ദേശം അയച്ചു. അധികംവൈകാതെ ചിത്രാമ്മയുടെ ശബ്ദസന്ദേശവുമെത്തി- ചക്കരമോൾക്ക് എല്ലാ ഭാവുകങ്ങളും...

ഫോട്ടോ http://v.duta.us/Togk4QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1oponAAA

📲 Get Wayanad News on Whatsapp 💬