[palakkad] - പട്ടാമ്പി ബസ്‌സ്റ്റാൻഡിന് മുൻവശം ഗതാഗതക്കുരുക്ക് പതിവാകുന്നു

  |   Palakkadnews

പട്ടാമ്പി: പട്ടാമ്പി ബസ്‌സ്റ്റാൻഡിന് മുൻവശത്തെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാവുന്നു. തിരക്കേറിയസമയങ്ങളിൽ ഇവിടെ ഏറെസമയം വാഹനക്കുരുക്ക് പതിവാണ്. ഒരേസമയം ബസ്സുകൾ സ്റ്റാൻഡിൽനിന്ന്‌ നിരയായി പുറത്തിറങ്ങുന്നതോടെ മറ്റുവാഹനങ്ങളും കുരുക്കിൽപ്പെടും. ബസ്സുകൾ സ്റ്റാൻഡിനകത്തേക്ക് പ്രവേശിക്കുന്നിടത്തും വാഹനങ്ങളുടെനിര നീളുന്നത് കൂടുതൽ കുരുക്കിനിടയാക്കുന്ന സ്ഥിതിയാണ്. പട്ടാമ്പി-പുലാമന്തോൾ പാതയുടെ നിർമാണം നടക്കുന്നതിനാൽ ചരക്കുവാഹനങ്ങളടക്കം ഗുരുവായൂർ റോഡ് ജങ്ഷനിൽനിന്ന്‌ തിരിഞ്ഞ് പള്ളിപ്പുറം റോഡുവഴിയാണ് പോകുന്നത്. കൊപ്പം ഭാഗത്തുനിന്ന്‌ ആമയൂർ വഴി മുതുതലയിലെത്തി സ്റ്റാൻഡിന് മുൻവശത്തുകൂടെയാണ് ഗുരുവായൂർ റോഡിലേക്ക് പ്രവേശിക്കുന്നതും. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്കും വർധിച്ചു. ബസ്സുകൾ പുറത്തേക്കിറങ്ങുന്നതുസംബന്ധിച്ച് മറ്റ്‌ വാഹനയാത്രക്കാരുമായുള്ള തർക്കവും പതിവുകാഴ്ചയാണ്. സ്റ്റാൻഡിന് മുൻവശത്ത് ഇരുചക്രവാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും പ്രശ്നം വർധിപ്പിക്കുന്നു. ബസ്സുകൾക്ക് സുഗമമായി പുറത്തുകടക്കാനാവാത്തവിധമാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്. പോലീസ് ‘നോ പാർക്കിങ്’ ബോർഡ് വെച്ചിട്ടുണ്ടെങ്കിലും രാവിലെമുതൽ റോഡിനിരുവശത്തും ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യാൻ തുടങ്ങും. പട്ടാമ്പി റെയിൽവേസ്റ്റേഷനിൽനിന്ന് ദൂരെ സ്ഥലങ്ങളിൽപ്പോയി ജോലിയെടുക്കുന്നവരും രാവിലെ റോഡരികിൽ ബൈക്ക് പാർക്കുചെയ്താണ് പോകുന്നത്. വൈകീട്ടുവരെ വാഹനങ്ങൾ റോഡരികിൽ ഇരിക്കും. പോലീസും സമീപ കടകളിലെ ജീവനക്കാരും ഇടപെട്ടാണ് പലപ്പോഴും കുരുക്ക് തീർക്കുക. ആംബുലൻസടക്കം ഇത്തരത്തിൽ കുടുങ്ങാറുണ്ട്. റോഡ്‌ തകർച്ചയും പ്രശ്നം ബസ്‌സ്റ്റാൻഡിനുമുൻവശത്തെ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. വലിയകുഴികൾ റോഡിലുണ്ട്. വാഹനങ്ങൾ ഇതുവഴി ഇഴഞ്ഞുനീങ്ങുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വെട്ടിക്കുമ്പോൾ അപകടമുണ്ടാകുന്നതും പതിവാണ്. 50 മീറ്ററോളം റോഡ് നന്നാക്കിയാൽ പോലും യാത്രക്കാർക്ക് ഏറെ സൗകര്യമാവും.

ഫോട്ടോ http://v.duta.us/9H0HhgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/vrPG8gAA

📲 Get Palakkad News on Whatsapp 💬