[palakkad] - പ്രളയത്തിലൊലിച്ചുപോയ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി

  |   Palakkadnews

തൃത്താല: പ്രളയത്തെത്തുടർന്ന് ഭാരതപ്പുഴയിലുണ്ടായ കുത്തൊഴുക്കിൽ ഒലിച്ചുപോയ പാവറട്ടി ശുദ്ധജലപദ്ധതിയുടെ പമ്പിങ്ങ് പൈപ്പുകൾ പുനഃസ്ഥാപിച്ചുതുടങ്ങി. ഇതിനായി എറണാകുളത്തുനിന്ന്‌ പ്രത്യേകമായെത്തിച്ച ഡ്രജ്ജിങ്ങ് ബോട്ടുപയോഗിച്ചാണ് പുതിയ പൈപ്പുകൾ പുഴയ്ക്കടിയിൽ ഇടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വെള്ളിയാങ്കല്ല് തടയണയിൽ സ്ഥിതിചെയ്യുന്ന എസ് 1, എസ് 2 എന്നീ കിണറുകളിലെ പമ്പിങ്ങ് പൈപ്പുകളാണ് പ്രളയസമയത്ത് പുഴയിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയത്. ഇവയ്ക്ക് പകരമായി തടയണയ്ക്കുള്ളിലെ കിണറുകളിൽനിന്ന്‌ കരയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പിങ്ങ് പൈപ്പുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.പ്രളയ പുനരധിവാസനിധിയിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. 315 എം.എം. വ്യാസമുള്ള ഹൈ ഡെൻസിറ്റി പോളി എഥിലിൻ (എച്ച്.ഡി.പി.) പൈപ്പുകളാണ് പുഴയ്ക്കടിയിൽ സ്ഥാപിക്കുന്നത്. ഇതിനായി ഡ്രജ്ജിങ്ങ് ബോട്ടുപയോഗിച്ച് വെള്ളത്തിനടിയിൽ ഒന്നര മീറ്റർ ആഴത്തിൽ ചാലുകൾ നിർമിച്ച് അതിനുള്ളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രണ്ട്‌ കിണറുകളിലേക്കുമായി 450 മീറ്ററിലധികം നീളമുള്ള പൈപ്പുകളാണ് ആവശ്യമായിവരിക. നിലവിൽ പൈപ്പുകളുടെ കൂട്ടിച്ചേർക്കലും പരീക്ഷണ പമ്പിങ്ങും പൂർത്തിയായി. ഈ പൈപ്പുകൾ വെള്ളത്തിനടിയിൽ താഴ്‌ന്നിരിക്കുന്നതിനായി കോൺക്രീറ്റ് റിങ്ങുകൾ പൈപ്പിനുചുറ്റും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാവുന്നമുറയ്ക്ക് പൈപ്പുകൾ പുഴയ്ക്കടിയിൽ സ്ഥാപിച്ചുതുടങ്ങും. ബോട്ട് ഉടമ എറണാകുളം സ്വദേശി കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച പത്തോളം തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്. പൈപ്പിടൽ ജോലികൾ പൂർത്തിയാവുന്നതോടെ പാവറട്ടി ശുദ്ധജലപദ്ധതിയുടെ പ്രവർത്തനം സാധാരണനിലയിലാവും.പദ്ധതിയുടെ പുഴയിലെ പൈപ്പുകൾ ഒലിച്ചുപോയതോടെ ജലവിതരണത്തിൽ അപാകതകൾ സംഭവിക്കുകയും തൃത്താലമേഖല വരൾച്ചയുടെ പിടിയിലാവുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് തൃത്താലയിലെ പമ്പിങ് സ്റ്റേഷനുമുൻപിൽ നാട്ടുകാരുടെ പ്രതിഷേധവും ഉപരോധവുമെല്ലാം നടക്കുകയും ചെയ്തു. ജില്ലയിൽ പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ, അഞ്ച് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കെല്ലാം കുടിവെള്ളവിതരണം നടക്കുന്നത് പാവറട്ടി ശുദ്ധജലപദ്ധതിവഴിയാണ്. നിലവിൽ നടക്കുന്ന പ്രവൃത്തികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ജലവകുപ്പ് ഗുരുവായൂർ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ ദിസ പറഞ്ഞു.

ഫോട്ടോ http://v.duta.us/YhW4EwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_4VKFwAA

📲 Get Palakkad News on Whatsapp 💬