കാലവർഷം പണിതുടങ്ങി

  |   Alappuzhanews

ആലപ്പുഴ: ജില്ലയിൽ ദുരിതംവിതച്ച് കാലവർഷം പെയ്തിറങ്ങി. ഞായറാഴ്ചയുണ്ടായ കാലവർഷത്തിൽ ജില്ലയിലെമ്പാടും നാശനഷ്ടമുണ്ടായി. കനത്ത കാറ്റിനോടൊപ്പമാണ് പേമാരിയെത്തിയത്.കാറ്റിൽ മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ പത്തോളം വീടുകൾ മരംവീണ് തകർന്നു. കലവൂരിൽ ചുള്ളിക്കൽ മോളമ്മയുടെ വീട് തെങ്ങുവീണ് പൂർണമായി തകർന്നു. സംഭവത്തിൽ 2.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. നീർക്കുന്നം പ്രസാദ്ഭവനിൽ പ്രസന്നൻ, തുമ്പോളിത്തോപ്പ് കുമാരൻ എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റടിച്ച് തകർന്നു.തകഴി പൂക്കോട് ശ്രീകുമാർ, മോഹനവിലാസം മോഹനൻ, നീർക്കുന്നം കരിപ്പോട് ഹാരിസ്, പുന്നപ്ര തെക്ക് ഏഴാം വാർഡിൽ പഴഞ്ഞാറ്റ് പ്രസന്ന എന്നിവരുടെ വീടുകളാണ് മരംവീണ് നശിച്ചത്.ആലപ്പുഴ നഗരത്തിൽ തോണ്ടംകുളങ്ങരയിൽ നടയിൽ വടക്കേതിൽ ബാലചന്ദ്രന്റെ വീടിന്റെ മുകളിലേക്ക് മരംവീണ് ഭാഗിക നാശനഷ്ടമുണ്ടായി. കൊമ്മാടി ദൃശ്യവേദി വായനശാലയ്ക്ക് സമീപം പടിഞ്ഞാറെ കാട്ടുങ്കൽ രാജുപുരുഷന്റെ വീട് പുളിമരം വീണ് ഭാഗികമായി തകർന്നു. കാർത്തികപ്പള്ളി താലൂക്കിൽ ചെറുതനയിൽ കൃഷ്ണൻകുട്ടിയുടെ വീടും ഭാഗികമായി തകർന്നു.കുട്ടനാട്ടിൽ ഏഴ് വീടുകളാണ് മഴയിൽ തകർന്നത്. നെടുമുടി പഞ്ചായത്തിൽ എട്ടാം വാർഡിൽ ചമ്പക്കുളം തെക്കേ മുറിയിൽ മാങ്ങാ പള്ളി വീട്ടിൽ ബൈജുവിന്റെ വീടിന്റെ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് മേൽക്കൂര തകർന്നുവീണു. എടത്വാ മൂന്നാം വാർഡിൽ ചങ്ങംങ്കരി തുണ്ടിയിൽ വീട്ടിൽ ദാമോദരന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ തകർന്നു. ആദ്യ മഴയിൽ തന്നെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആലപ്പുഴ നഗരത്തിൽ മാത്രം 15 ഇടങ്ങളിലായി മരങ്ങൾ കടപുഴകി വീണു. ഇതിനെത്തുടർന്ന് വിവിധ ഇടങ്ങളിലായി വൈദ്യുതി ബന്ധവും കേബിൾ ബന്ധവും തകരാറിലായി. ആലപ്പുഴ സഹൃദയ ആശുപത്രിക്ക് സമീപം കനത്ത കാറ്റിൽ ആൽമരം വേരോടെ കടപുഴകി വീണു. സമീപമുള്ള കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് വീണതിനാൽ വൻഅപകടമാണൊഴിവായത്.കടലേറ്റത്തിൽ കാക്കാഴം, നീർക്കുന്നം പ്രദേശങ്ങളിലായി ആറുവീടുകളാണ് തകർന്നത്. ഇതിനെത്തുടർന്ന് താമസയോഗ്യമല്ലാത്ത വീടുകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ നീക്കം തുടങ്ങി. താഴ്‌ന്ന ഭാഗങ്ങളിലെല്ലാം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചെറു റോഡുകളടക്കമുള്ളവ വെള്ളത്തിൽ മുങ്ങിയതിനാൽ ഗതാഗതത്തിനും തടസ്സമുണ്ടായി. കനത്തമഴ നഗരത്തിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാക്കി.രാത്രി വൈകിയും വിവിധ ഭാഗങ്ങളിലായി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും മഴ കനക്കുമെന്നതിനാൽ അതീവ ജാഗ്രതാ നിർദേശമാണ് ജില്ലയിലുള്ളത്.

ഫോട്ടോ http://v.duta.us/DBvtJAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Mfz0dwAA

📲 Get Alappuzha News on Whatsapp 💬