ചെർപ്പുളശ്ശേരിയിൽ പാർക്കിങ് പാതയോരത്തുതന്നെ

  |   Palakkadnews

ചെർപ്പുളശ്ശേരി: നഗരത്തിലെല്ലായിടത്തും വാഹനങ്ങളുടെ പാർക്കിങ് പ്രധാന പാതയോരങ്ങളിൽത്തന്നെ. സ്വകാര്യവാഹനങ്ങൾ നിർത്തിയിടാൻ സൗകര്യപ്രദമായ ഇടമില്ലാത്ത സ്ഥിതിയാണ് ചെർപ്പുളശ്ശേരിയിൽ. തിരക്കേറിയ നഗരസഭാ ബസ്‌സ്റ്റാൻഡിനെതിർവശമെല്ലാം ഇരുചക്രവാഹനങ്ങൾ കൈയടക്കുന്ന സാഹചര്യമാണിന്നും. ബസ്‌സ്റ്റാൻഡുമുതൽ ഹൈസ്‌കൂൾറോഡ് കവലവരെയുള്ള ’യു’ ടേൺ പരിസരങ്ങളിലെ പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന്‌ വഴിയൊരുക്കുന്നു. തിരക്കേറിയ ഓഫീസ്-സ്‌കൂൾ സമയങ്ങളിൽ പ്രധാനപാതയോരങ്ങളിലെ പാർക്കിങ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാറുമുണ്ട്. സ്വകാര്യവാഹനങ്ങളുടെ പാർക്കിങ്ങിന് നഗരത്തിൽ സൗകര്യപ്രദമായ സ്ഥലമില്ല. ഇത്‌ കണ്ടെത്താനുള്ള നഗരസഭയുടെ ശ്രമങ്ങൾ ലക്ഷ്യംകണ്ടില്ല. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിളിച്ചുകൂട്ടിയ ഗതാഗതനിയന്ത്രണ കമ്മിറ്റി യോഗത്തിലും വിഷയമുന്നയിക്കപ്പെട്ടു.’യു’ ടേൺ പരിധിയിലെ വാഹനപാർക്കിങ് ഫലപ്രദമായി തടയണമെന്ന ആവശ്യവുമുയർന്നു. നിർത്തിയിടുന്ന വാഹനങ്ങളുടെ ഉടമകളിൽനിന്ന്‌ പിഴ യീടാക്കാനായിരുന്നു തീരുമാനം. ഹൈസ്‌കൂൾ റോഡ് കവലമുതൽ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗംവരെയുള്ള ഭാഗങ്ങളിൽ അനധികൃത പാർക്കിങ് കർശനമായി നിരോധിക്കണമെന്നായിരുന്നു പ്രധാന നിർദേശം. പെർമിറ്റില്ലാത്ത വാഹനങ്ങൾ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്നത് നിരോധിക്കണമെന്നും സ്റ്റാൻഡ് പെർമിറ്റ് കർശനമാക്കണമെന്നും തീരുമാനമുണ്ടായി. നഗരത്തിലെ തിരക്കേറിയ ബസ്‌സ്റ്റാൻഡ് പരിസരം, ഹൈസ്‌കൂൾ കവല, ഒറ്റപ്പാലം റോഡ് കവല, ഇ.എം.എസ്. റോഡ് എന്നിവിടങ്ങളിലെല്ലാം അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കയാണിപ്പോഴും. പട്ടാമ്പിറോഡിലെ പഞ്ചാബ് നാഷണൽ ബാങ്ക് പരിസരം മുതൽ പാലക്കാട് റോഡിലെ പുത്തനാൽക്കൽവരെയുള്ള പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടംനടത്തുന്നത്‌ ഒഴിവാക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു. യോഗത്തിലെടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നാണ് നഗരസഭയുടെ വിശദീകരണം.

ഫോട്ടോ http://v.duta.us/YU_AhQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0Ppi0AAA

📲 Get Palakkad News on Whatsapp 💬