തിരയടങ്ങുന്നില്ല, ചെല്ലാനത്ത് ദുരിതം

  |   Ernakulamnews

തോപ്പുംപടി: മഴ പെയ്തു തുടങ്ങിയതോടെ, ചെല്ലാനത്തിന് ദുരിതകാലം. ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും കടൽ ഇരച്ചുകയറി. വേളാങ്കണ്ണി, കമ്പനിപ്പടി, ബസാർ പ്രദേശങ്ങളിൽ അമ്പതോളം വീടുകളിലാണ് വെള്ളം കയറിയത്.

ഓഖി ദുരന്തമുണ്ടായ പ്രദേശത്ത് ഭിത്തി തകർന്നു കിടക്കുന്ന സ്ഥലത്താണ് വെള്ളം ശക്തിയായി കയറുന്നത്. ഈ പ്രദേശത്ത് നിരത്തുന്നതിന് റവന്യു അധികൃതർ ജിയോ ചാക്കുകൾ വിതരണം ചെയ്തിരുന്നു. ഇവ നിരത്തിയെങ്കിലും ആദ്യത്തെ കടലേറ്റത്തിൽ തന്നെ മണൽച്ചാക്കുകൾ ഒഴുകി നീങ്ങി. പലയിടത്തും മണൽവാടകൾ രൂപപ്പെടുത്തിയിരുന്നതാണ്. ആദ്യ മഴയിൽ തന്നെ ഇതൊക്കെ തകർന്നു. ഈ ഭാഗത്ത് ജിയോ ട്യൂബ് കടൽഭിത്തി നിർമിക്കുന്നതിനായി സർക്കാർ പണം അനുവദിച്ചെങ്കിലും, പദ്ധതി നടപ്പായില്ല. ഇതിനായി കടലോരത്ത് മണ്ണ് നീക്കം ചെയ്തിരുന്നു. ആ ഭാഗത്ത് കൂടിയാണ് ഇപ്പോൾ കടലൊഴുകുന്നത്.

ചെല്ലാനം ബസാർ ഭാഗത്ത് ഉപ്പൂത്തക്കാട് തോട് പകുതിയിലേറെ മൂടിയ നിലയിലാണ്. വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമുണ്ട്. സൗദി, മാനാശ്ശേരി, ചെറിയകടവ് തുടങ്ങിയ പ്രദേശങ്ങളിലും കടൽ കരയിലേക്ക് ഇരച്ചു കയറി. ഫോർട്ട്കൊച്ചി കടപ്പുറത്ത് ഞായറാഴ്ചയും കടലേറ്റമുണ്ടായി. സഞ്ചാരികൾ നടക്കുന്ന നടപ്പാതയിലേക്ക് കടൽവെള്ളം കയറുന്നുണ്ട്. ഫോർട്ട്കൊച്ചിയിൽ പതിവില്ലാത്ത കടലേറ്റമാണ് കാണുന്നത്.

ഫോട്ടോ http://v.duta.us/PtjdEAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/R_jCGgAA

📲 Get Ernakulam News on Whatsapp 💬