ദീപകുമാറിന്‌ നാടിന്റെ ആദരാഞ്ജലി

  |   Thiruvananthapuramnews

തിരുവനന്തപുരം: ദുബായിൽ ബസപകടത്തിൽ മരിച്ച വേളി സ്വദേശി ദീപകുമാറിന്‌ നാടിന്റെ അന്ത്യാഞ്ജലി. ദീപകുമാറിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. വേളി ബോട്ട് ക്ലബ്ബിന് സമീപം മാധവപുരം ജയാ ഭവനിൽ ടി.സി 32/ 223-ൽ പരേതനായ മാധവന്റെയും പ്രഫുല്ലയുടെയും മകൻ ദീപകുമാറാ(40)ണ് ദുബായിലെ മുഹമ്മദ്ബിൻസായിദ് റോഡിൽ റാഷിദിയയ്ക്കടുത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത്‌ ദീപകുമാറിനൊപ്പമുണ്ടായിരുന്ന ഭാര്യ ആതിരയും നാലുവയസ്സുള്ള മകൾ അമൂല്യയും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ദുബായിലെ ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം ശനിയാഴ്ച വൈകീട്ടോടെ ഇവർ നാട്ടിൽ തിരിച്ചെത്തി.ദുബായിലെ അൽറഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്ച രാവിലെ അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയശേഷം ആറരയോടെ മൃതദേഹം വേളിയിലെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.40-ന് ദുബായിലെ റാഷിദിയാ മെട്രോ സ്റ്റേഷനിലെ റസാല എക്‌സിറ്റ് ഗേറ്റിലാണ് ദീപകുമാർ അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. റംസാൻ അവധിക്ക് ദീപകുമാറും കുടുംബവും ഒമാനിലുള്ള ബന്ധുവിന്റെ വീട്ടിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ബസ് റോഡിന്റെ വശത്തുള്ള ദിശാബോർഡിലേക്കും പിന്നീട് വലിയ വാഹനങ്ങൾ കടക്കാതിരിക്കാൻ റോഡിനുകുറുകേ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാളത്തിലും ഇടിച്ചുകയറുകയാണുണ്ടായത്. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. സീറ്റിൽനിന്ന് തെറിച്ചുപോയ ദീപകുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആതിരയും മകളും ബസിനുള്ളിൽ തെറിച്ചുവീണെങ്കിലും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ദീപകുമാറിനെ രക്ഷിക്കാനായില്ല. മകൾ അമൂല്യയ്ക്ക് ഇടതുകാലിലാണ് പരിക്ക്. അച്ഛൻ മരിച്ച വിവരം ഞായറാഴ്ച ഉച്ചവരെ മകൾ അമൂല്യ അറിഞ്ഞിരുന്നില്ല. അമ്മൂമ്മ വിവരമറിയിച്ചപ്പോഴുള്ള കുട്ടിയുടെ കരച്ചിൽകണ്ട് കൂടിനിന്നവർക്കും സങ്കടമടക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് മൂന്നോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് ദീപകുമാർ. കഴിഞ്ഞ ഓണക്കാലത്തായിരുന്നു ദീപകുമാറും കുടുംബവും അവസാനമായി നാട്ടിൽ വന്നത്.മേയർ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാർ എം.എൽ.എ, ആന്റണി രാജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.

ഫോട്ടോ http://v.duta.us/iH2OaQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/wH8g8AAA

📲 Get Thiruvananthapuram News on Whatsapp 💬