വറുതിയുടെ പെരുമഴയിലേക്ക് ട്രോളിങ് നിരോധനമെത്തി

  |   Alappuzhanews

അമ്പലപ്പുഴ: പ്രതികൂല കാലാവസ്ഥ ഭയന്ന് ട്രോളിങ് നിരോധന സമയത്തിന് കാത്തിരിക്കാതെ യന്ത്രവത്കൃത ബോട്ടുകൾ തീരത്തേക്ക്‌ മടങ്ങി. ഞായറാഴ്ച അർധരാത്രിയാണ് സംസ്ഥാനതീരത്ത് ട്രോളിങ് നിരോധനം നിലവിൽവന്നതെങ്കിലും പുറംകടലിൽനിന്ന് ബോട്ടുകൾ മീൻപിടിത്തം മതിയാക്കി ഉച്ചയോടെതന്നെ തീരത്ത് മടങ്ങിയെത്തി. ശക്തമായ മഴയും കടലേറ്റവും ഭയന്നാണ് ബോട്ടുകൾ നേരത്തേ മടങ്ങിയത്. ജില്ലയുടെ തീരപ്രദേശത്ത് മാസങ്ങളായി തുടരുന്ന വറുതിക്കിടയിലാണ് ഇപ്പോൾ ട്രോളിങ് നിരോധനവും എത്തിയിരിക്കുന്നത്. കാലവർഷവും കടലേറ്റവും മാറി കടലിൽ ചാകര കാണാതെ തീരമേഖലയിൽ വറുതിക്ക്‌ മാറ്റമുണ്ടാകില്ല. 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂലായ് 31-നാണ് അവസാനിക്കുന്നത്. ട്രോൾ വലകളുള്ള യന്ത്രവത്കൃത ബോട്ടുകൾക്ക് ഇക്കാലയളവിൽ കടലിലിറക്കാനാകില്ല. പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് ഈസമയം മീൻപിടിത്തത്തിന് അവസരമുള്ളത്.ജില്ലയുടെ തീരത്ത് കടലേറ്റം അതിരൂക്ഷമായി തുടരുന്നതിനാൽ വള്ളങ്ങൾക്കൊന്നും കടലിലിറക്കാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതോടെ തീരമേഖലയിൽ തൊഴിൽസ്തംഭനം പൂർണമായി. ഒമ്പത് മാസമായി പണിയില്ലാതെ വിഷമിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്കൊപ്പം ഇപ്പോൾ യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികളും എത്തിയിരിക്കുകയാണ്.ട്രോളിങ് നിരോധനം വരുന്നതിനുമുമ്പുള്ള അവസാനദിവസങ്ങളിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് പൂവാലൻ ചെമ്മീനടക്കമുള്ള മീനുകൾ ലഭിച്ചിരുന്നു. കൊല്ലം തുറമുഖത്തടുക്കുന്ന ബോട്ടുകളിലെ മീനാണ് ജില്ലയിലെ വിപണിയിൽ കൂടുതലായും എത്തിയിരുന്നത്. നിരോധനം വരികയും പരമ്പരാഗത വള്ളങ്ങൾക്ക് പ്രതികൂല കാലാവസ്ഥ തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മീനാകും വിപണിയിൽ നിറയുക. മീൻവിലയും കുത്തനെ ഉയരും.തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങിൽനിന്നാണ് കൂടുതലായും ജില്ലയിൽ മീനെത്തുന്നത്. മുൻകാലങ്ങളിലെപ്പോലെ മായംചേർത്ത് മീനെത്താതിരിക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗം അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണിത്.

ഫോട്ടോ http://v.duta.us/a6XvogAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZReSAAAA

📲 Get Alappuzha News on Whatsapp 💬