ദേശീയപാതാവികസനം ഊർജിതമാക്കാൻ തീരുമാനം

  |   Palakkadnews

മണ്ണാർക്കാട്: നഗരത്തിലെ ദേശീയപാത നവീകരണപ്രവൃത്തികളുടെ തടസ്സങ്ങൾക്ക് വിരാമമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാർ ഏജൻസി പ്രതിനിധികളും വിവിധ സംഘടനാപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. എൻ. ഷംസുദ്ദീൻ എം.എൽ.എ.യാണ് യോഗം വിളിച്ചുചേർത്തത്. എം.ഇ.എസ്. കല്ലടി കോളജ് പരിസത്തെ കയറ്റം നേരത്തെ രണ്ടര മീറ്റർ താഴ്ത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ, റോഡിലെ കയറ്റം കൂടുന്ന രീതിയിലെ റോഡുനവീകരണം നടത്തിയത് രൂക്ഷമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇതനുസരിച്ച് എം.ഇ.എസ്. കല്ലടി കോളേജിന്റെ ഭാഗത്ത് ഉയരം കുറച്ചുകൊണ്ടുവരുന്നതിനും കോളേജ് അധികൃതർ സഹകരിക്കുകയാണെങ്കിൽ കൺസൾട്ടൻസിയുടെ അനുമതിയോടെ ഉയരം നല്ലവണ്ണം കുറച്ച്‌ ലെവൽ ചെയ്യാനും തീരുമാനിച്ചു. ഇതോടൊപ്പം മണ്ണാർക്കാട് നഗരത്തിൽ കേസിനെത്തുടർന്ന് തടസ്സപ്പെട്ടുനിൽക്കുന്ന എ.എസ്.പി. പട്ടയഭൂമിയിലെ പ്രവൃത്തി തുടരുവാനും തീരുമാനമായി. എ.എസ്.പി. പട്ടയമുടമകളുടെ കെട്ടിടങ്ങളുള്ള ഭാഗത്ത് റോഡിന്റെ വീതി 13.5 മീറ്ററിലും അല്ലാത്ത ഭാഗത്ത് 14 മീറ്റർ വീതിയിലും പ്രവൃത്തി നടത്തുന്നതിന് സമ്മതമാണെന്ന് ഉടമകളുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. എന്നാൽ, എ.എസ്.പി. ഉടമകൾ കോടതിയിൽ കൊടുത്ത കേസിൽ സ്ഥലമുടമകൾക്ക് അനുകൂലതീരുമാനം വന്നാൽ നിലവിൽ റോഡ് വികസനത്തിന് വിട്ടുനൽകുന്ന സ്ഥലത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ഇവർ അറിയിച്ചു. ഇവിടെ പതിമൂന്ന് മീറ്റർ സ്ഥലം റോഡുപണിക്ക് വിട്ടുനൽകാനാണ് നേരത്തെ കെട്ടിടമുടമകൾ തയ്യാറായത്. അതിപ്പോൾ കെട്ടിടങ്ങളുള്ള ഭാഗത്ത് പതിമൂന്നര മീറ്ററും കെട്ടിടമില്ലാത്ത ഭാഗത്ത് 14 മീറ്ററും വിട്ടുനൽകിക്കൊണ്ട് റോഡുപണി തുടരാൻ തീരുമാനമായി.പ്രശ്നം നിലനിൽക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തും. ആൽത്തറ ഭാഗത്ത് നിലവിലുള്ള സ്ഥലത്തുനിന്ന്‌ നാലുപേർ മൂന്ന് മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, പുതുതായി കെട്ടിടം നിർമിക്കുമ്പോൾ റോഡിൽനിന്ന്‌ ഒന്നര മീറ്റർ വിട്ട് കെട്ടിടം നിർമിക്കുന്നതിന് നഗരസഭ പ്രത്യേക അനുമതി നൽകണമെന്നാണ് അവരുടെ ആവശ്യം. ഇതിന് സർക്കാർ ഭാഗത്തുനിന്ന്‌ ആവശ്യമായ സ്പെഷ്യൽ ബിൽഡിങ് റൂളിന് ശ്രമിക്കാമെന്ന്‌ എം.എൽ.എ. യോഗത്തിൽ അറിയിച്ചു. തഹസിൽദാർ സുനിൽ മാത്യു, നഗരസഭാധ്യക്ഷ എം.കെ. സുബൈദ, പി.ആർ. സുരേഷ്, പി. മണികണ്ഠൻ, ടി.കെ. സുബ്രഹ്മണ്യൻ, ഫായിദ ബഷീർ, ഫിറോസ് ബാബു, ശ്രീനിവാസൻ, എക്‌സി. എൻജിനീയർ കെ. മുഹമ്മദ് ഇസ്മായിൽ, എ.ഇ. ഷെറീഫ്, കൺസൾട്ടന്റ് മധുസൂദനൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ http://v.duta.us/62YB2wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Nqu9sQAA

📲 Get Palakkad News on Whatsapp 💬