പുതുക്കാട് കോളനിയിൽ മഴക്കാലത്തും വെള്ളമില്ല

  |   Wayanadnews

അമ്പലവയൽ: മഴക്കാലത്ത് വീട്ടാവശ്യത്തിനുപോലും വെള്ളമില്ലാതെ പുതുക്കാട് നിവാസികൾ. അമ്പലവയൽ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ പുതുക്കാട് നാലുസെന്റ് കോളനിക്കാരാണ് ജലക്ഷാമത്താൽ വീർപ്പുമുട്ടുന്നത്. ആകെയുണ്ടായിരുന്ന പൊതുകിണർ പ്രളയത്തിൽ ഇടിഞ്ഞുതാഴ്ന്നതോടെയാണ് ജലക്ഷാമം തലപൊക്കിയത്.സാധാരണക്കാരായ 35 കുടുംബങ്ങളാണ് പുതുക്കാട് കോളനിയിലുള്ളത്. പതിനേഴുവർഷമായി ഇവർ വെള്ളമെടുത്തിരുന്ന കിണർ കഴിഞ്ഞ മഴക്കാലത്താണ് ഇടിഞ്ഞുതാഴ്ന്നത്. വശങ്ങളിൽ വിള്ളൽ വീണതോടെ കിണറിനടുത്തേക്കുപോകാൻ പറ്റാതായി. വെള്ളം കോരാനാകാത്തവിധം ചുറ്റുപാട് ഇടിഞ്ഞുതാഴ്ന്നു. ഒരുവശത്തേക്ക് ചെരിഞ്ഞ് ചുറ്റിലും മണ്ണിടിഞ്ഞ് അപകടക്കെണിയായി. പഞ്ചായത്ത് അധികൃതർ വന്നുനോക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വേനൽക്കാലത്ത് ടാങ്കറിൽ വെള്ളമെത്തിച്ചാണ് അത്യാവശ്യകാര്യങ്ങൾ നിറവേറ്റിയത്. പതിനെട്ടുവർഷമായി വേനലിൽപോലും വറ്റാത്ത കിണറാണ് ഈയവസ്ഥയിലായത്. ഒരുവർഷമായി ഉപയോഗിക്കാത്ത കിണറിന്റെ അടിത്തട്ടിൽ ഇപ്പോൾ അല്പം വെള്ളമുണ്ട്. ഏതോ ജീവിയുടെ ജഡം വീണ് മലിനമാണ് ഈ വെള്ളം. വീതികുറഞ്ഞ റോഡരികിലാണ് കിണർ. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടക്കെണിയാണിത്. സുരക്ഷാ കവചമില്ലാത്ത കിണറിനരികിലേക്ക് കുട്ടികൾ വരാതെ നോക്കാൻ പാടുപെടുകയാണ് മാതാപിതാക്കൾ. അടുത്ത മഴക്കാലം എത്തിയതോടെ വലിയ ആശങ്കയിലാണ് ഇവർ. കിണറിന്റെ വശങ്ങൾ ഇടിഞ്ഞത് സമീപത്തെ യു.വി. അബ്ദുള്ളയുടെ വീടിന് ഭീഷണിയായി. കിണർ നന്നാക്കുകയോ മൂടുകയോ ചെയ്തില്ലെങ്കിൽ ഈ മഴക്കാലത്ത് വീട് തകരുമെന്ന പേടിയുണ്ടെന്ന് അബ്ദുള്ള പറഞ്ഞു.

ഫോട്ടോ http://v.duta.us/VqkrHgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/u-qr6wAA

📲 Get Wayanad News on Whatsapp 💬