രണ്ടാം കൃഷി: പമ്പിങ് ആരംഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു

  |   Alappuzhanews

മങ്കൊമ്പ്: രണ്ടാം കൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാട്ടിൽ പമ്പിങ് ആരംഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. കാലവർഷം ശക്തമാക്കുന്ന സാഹചര്യത്തിൽ വേമ്പനാട്ട്‌ കായലിനോട് ചേർന്നുകിടക്കുന്ന പാടശേഖരങ്ങളിൽ വെള്ളം കയറിത്തുടങ്ങി.ഇവിടങ്ങളിൽ പമ്പിങ് ഇനിയും ആരംഭിച്ചിട്ടില്ല. ആലപ്പുഴ, കൈനകരി കൃഷി ഭവൻ പരിധിയിലുള്ള തൈയ്യൽ കായൽ, കന്നിട്ട പാടശേഖരങ്ങളിലും സമീപത്തെ മറ്റ് മൂന്ന് പാടശേഖരങ്ങളിലുമാണ് ഭീഷണിയുള്ളത്. തൈയ്യൽകായലിൽ വെള്ളം പൂർണമായും കയറി കൃഷിയൊരുക്കങ്ങൾ നിലച്ചിരിക്കുകയാണ്. കന്നിട്ടയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പമ്പിങ് ആരംഭിക്കാത്ത പക്ഷം സമീപ പാടശേഖരങ്ങളിലും വെള്ളം നിറയും.തൈയ്യൽകായലിന് സമീപമുള്ള ചിറയിലെ 22 വീടുകളിലും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പമ്പിങ് അടിയന്തരമായി നടത്തിയില്ലെങ്കിൽ പ്രദേശത്തുനിന്ന്‌ മാറിനിൽക്കേണ്ട സ്ഥിതിയിലാണ് കുടുംബങ്ങൾ. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടർ നിർദേശം നൽകിയിരുന്നു.കായൽ പാടശേഖരങ്ങൾ മാറ്റിനിർത്തിയാൽ മറ്റിടങ്ങളിൽ രണ്ടാം കൃഷിയുടെ വിത പുരോഗമിക്കുകയാണ്. കുട്ടനാട്ടിൽ 6480 ഹെക്ടറിലാണ് ഇക്കുറി രണ്ടാംകൃഷി. ചമ്പക്കുളം എ.ഡി.എ.യുടെ പരിധിയിൽ മാത്രം 5660 ഹെക്ടറിൽ കൃഷിയുണ്ട്.ഇതിൽ 1200 ഹെക്ടറിലെ വിത പൂർത്തിയായി. ജില്ലയിൽ ഇത്തവണ 10,500 ഹെക്ടറിൽ രണ്ടാം കൃഷിയിറക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലായ് 15-ഓടെ വിത പൂർത്തിയാക്കും.

ഫോട്ടോ http://v.duta.us/8jkqawAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tcsDwgAA

📲 Get Alappuzha News on Whatsapp 💬