104-ാം വയസ്സിൽ നാലാംക്ലാസ് വിജയം: ഭാഗീരഥിയമ്മയ്ക്ക്‌ കളക്ടറുടെ ആദരം

  |   Kollamnews

കൊല്ലം : സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മയെ കളക്ടർ എസ്.കാർത്തികേയൻ വീട്ടിലെത്തി ആദരിച്ചു. 104 വയസ്സാണ് ഈ മുത്തശ്ശിക്ക്. വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലും പി.എൻ.പണിക്കർ ഫൗണ്ടേഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കാൽതൊട്ടുവന്ദിച്ച കളക്ടർക്കുമുന്നിൽ സ്ലേറ്റിൽ വടിവൊത്ത അക്ഷരങ്ങൾകൊണ്ട് വാക്കുകളെഴുതി ഭാഗീരഥിയമ്മ വീടിന്റെ പൂമുഖത്ത് സജീവമായി. മൂന്നാംക്ലാസിൽ പഠനം നിർത്തിയ അവർ അക്ഷരവഴിയിലേക്ക് മടങ്ങിയത് സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്.

കാലങ്ങൾക്കിപ്പുറം നാലാംതരം തുല്യതാപഠിതാവായി രജിസ്റ്റർചെയ്ത് പഠനം തുടരുമ്പോഴാണ് ഭാഗീരഥിയമ്മയുടെ പ്രായം തോൽപ്പിക്കാത്ത കരുത്ത് നാടറിയുന്നത്. പഠനം പത്താംതരംവരെ തുടരുമെന്ന അമ്മയുടെ നിശ്ചയദാർഢ്യം പങ്കുവെച്ചത് മകൾ തങ്കമണിയും സാക്ഷരതാ പ്രേരക് എസ്.എൻ.ഷേർളിയും.

സന്താനഗോപാലം പാനപ്പാട്ടിന്റെ വരികൾ ചൊല്ലിയും കുശലംപറഞ്ഞും ഗ്രന്ഥശാലാ-സാക്ഷാരതാ പ്രവർത്തകരുടെ കൂട്ടായ്മയെ കൈയിലെടുത്ത ഭാഗീരഥിയമ്മയെ കളക്ടർ പൊന്നാടയണിയിച്ചു. രാജ്യത്തിനാകെ മാതൃകയാണ് ഭഗീരഥിയമ്മയെന്ന് കളക്ടർ പറഞ്ഞു. ലൈബ്രറി കൗൺസിലിന്റെ ഉപഹാരവും ചടങ്ങിൽ നൽകി.

Content Highlights: Fourth class victory at age 104, Collectors tribute to Bhagirathiyamma

ഫോട്ടോ http://v.duta.us/2IEHfwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Gpcl6AAA

📲 Get Kollam News on Whatsapp 💬