കുടിവെള്ളമായെത്തിയത് ദുർഗന്ധമുള്ള കറുത്തവെള്ളം

  |   Kozhikodenews

രാമനാട്ടുകര: ദാഹമകറ്റാനും പാചകത്തിനും പൈപ്പുവെള്ളം ആശ്രയിച്ചുകഴിയുന്ന രാമനാട്ടുകര സിൽക്കുപാലം, കെയർവെൽ, പുല്ലാളൂർ, ചെള്ളിപ്പാടം നിവാസികൾക്ക് ദുരിതം. പൈപ്പിലൂടെയെത്തിയത് ദുർഗന്ധമുള്ള കറുത്തവെള്ളം. നിസരിക്കുസമീപത്തെ കിണറ്റിൽ നിന്നുള്ള വെള്ളം ഇത്തിളാംകുന്ന് സംഭരണിയിൽ എത്തിച്ചു വിതരണം ചെയ്യുന്ന ചെമ്മലിൽ പദ്ധതിയിൽനിന്നാണ് ഇവിടെ വെള്ളമെത്തുന്നത്. വെള്ളംവരുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സമയത്തിൽ കൃത്യതയില്ലാത്തതിനാൽ വെള്ളമെത്തുമ്പോൾ ടാങ്കുകളിൽ തനിയെ നിറയുന്ന രീതിയിലാണ് ഒട്ടുമിക്ക വീടുകളിലും സംവിധാനം ചെയ്തിരിക്കുന്നത്. അതിനാൽ ശനിയാഴ്ച കറുത്തവെള്ളം വന്നുവീണതോടെ ടാങ്കിൽ മുമ്പുണ്ടായിരുന്ന വെള്ളവും മലിനമായി. അതോടെ കുടിക്കാനും പാചകത്തിനും ശുദ്ധമായ ഒരുതുള്ളി വെള്ളമില്ലെന്ന അവസ്ഥയായി. ഉപ്പുചുവയുയുള്ള കിണർവെള്ളത്തിന്റെ ചവർപ്പു കുടിക്കാൻ മടിച്ച് മറ്റുപ്രദേശങ്ങളിൽ നിന്ന് വെള്ളംകൊണ്ടുവന്നാണ് പാചകത്തിനുൾപ്പെടെ വെള്ളം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കിണറിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ കേടായതിനാൽ ശനിയാഴ്ച കുഴൽകിണറിൽ നിന്നാണ് വെള്ളമെടുത്തതെന്നും അതിനാലാവാം വെള്ളത്തിന് നിറവ്യത്യാസമെന്ന് ജലഅതോറിറ്റിയുടെ പമ്പ് ഓപ്പറേറ്റർ പറഞ്ഞെന്നും മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിലായെന്നും ഡിവിഷൻ കൗൺസിലർ വി.എം. പുഷ്പ പറഞ്ഞു. എന്നാൽ വെള്ളം മോശമായെന്ന പരാതി ഒരാൾക്കു മാത്രമാണെന്നും പൈപ്പുലൈനിൽ പൊട്ടലുണ്ടാവുകയും പ്രദേശത്തെ വൃത്തിഹീനമായ ഓടയിൽനിന്ന് മലിനജലം പൈപ്പിൽ കയറുകയും ചെയ്തതാണ് വെള്ളത്തിന് പ്രശ്നമുണ്ടായതെന്നുമാണ് പമ്പ് ഓപ്പറേറ്റർ മാതൃഭൂമിയോട് പ്രതികരിച്ചത്. പമ്പ് ഹൗസിലെ കിണറിലെ മോട്ടോർ ഒരുമാസം മുമ്പു തന്നെ കേടാണെന്നും ശേഷമുള്ള അവസരങ്ങളിൽ കുഴൽ കിണറിൽനിന്നുതന്നെയാണ് വെള്ളം പമ്പുചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുടിവെള്ളം പരിശോധനയ്ക്കയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ. ചെമ്മലിൽ കുടിവെള്ള പദ്ധതിയിലെ വിതരണക്കുഴലുകൾ കാലപ്പഴക്കത്താൽ ഇടയ്ക്കിടയ്ക്ക് പൊട്ടലുണ്ടാവും. ചീക്കോട് കുടിവെള്ളപദ്ധതിയുടെ പ്രയോജനം ലഭിച്ചാലെ പ്രശ്നത്തിന് ശാശ്വതപരിഹാരമാവൂ.

ഫോട്ടോ http://v.duta.us/cO7a3wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/R7wSLAAA

📲 Get Kozhikode News on Whatsapp 💬