റോഡ് വേണ്ട; നല്ല നടപ്പാതയെങ്കിലും....

  |   Alappuzhanews

മങ്കൊമ്പ്: കാലൊന്ന് തെറ്റിയാൽ വേമ്പനാട്ട് കായലിൽ വീഴും. പ്രദേശത്ത് ഉച്ചയ്ക്കുശേഷം ശക്തമായ കാറ്റാണ്. വെള്ളം നടപ്പാതയ്ക്ക് മുകളിലേക്കാണ് അടിച്ച് കയറുന്നത്. സ്‌കൂൾ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെയുള്ള ഏക ആശ്രയം കല്ലുകെട്ട് തകർന്ന ഈ നടപ്പാതയാണ്. നടപ്പാതയ്ക്ക് ഇടയിലെ വൈദ്യുതി തൂണുകൾ കഴിഞ്ഞ പ്രളയത്തിൽ വെള്ളംകയറി പാതി ദ്രവിച്ചനിലയിൽ. ഈ വഴിയിലൂടെയാണ് കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിലെ 32 കുടുംബങ്ങൾ ആലപ്പുഴയ്ക്കും, കൈനകരിക്കുമുള്ള യാത്രകൾക്കായി ജെട്ടിയിലേക്ക് പോകുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് റോഡ് സംവിധാനം ഇനിയുമായിട്ടില്ല. ബോട്ട് മാത്രമാണ് ഏക ആശ്രയം. നിലവിൽ ചെറുകായൽ ജെട്ടി മുതൽ പ്രിയദർശിനി ജെട്ടി വരെയുള്ള രണ്ടുകിലോമീറ്ററോളം ദൂരത്തിലുള്ള നടപ്പാത പൂർണമായും തകർന്ന് ചെളി നിറഞ്ഞുകിടക്കുകയാണ്. പ്രളയശേഷം നടപ്പാതയിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്‌കരമായി. റോഡ് ഒന്നും പ്രദേശവാസികൾക്ക് പ്രതീക്ഷയില്ല. സുരക്ഷിതമായി കല്ലുകെട്ടി വീതിയുള്ളൊരു നടപ്പാത അവരുടെ പ്രതീക്ഷയാണ്. പ്രായമായവർക്ക് പുറമേ നിരവധി കുട്ടികളാണ് ബോട്ട് കയറാനായി ജെട്ടിയിലെത്തുന്നത്. കൈനകരി കുപ്പപ്പുറം ഗവ.ഹൈസ്‌കൂൾ, ഹോളി ഫാമിലി, കുട്ടമംഗലം എസ്.എൻ.ഡി.പി. ഹയർസെക്കൻഡറിസ്‌കൂൾ, ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസ്. തുടങ്ങിയ സ്‌കൂളുകളിലാണ് ഇവിടുത്തെ കുട്ടികൾ പഠിക്കുന്നത്. ക്ലാസുള്ള ദിവസങ്ങളിൽ കൂട്ടത്തിലെ ഒരുകുട്ടിയുടെ അമ്മയും ഇവർക്കൊപ്പം ജെട്ടി വരെ പോകാറുണ്ട്. ഇതല്ലാതെ തങ്ങൾക്ക് മറ്റൊരു മാർഗമില്ലെന്നാണ് അമ്മമാർ പറയുന്നത്. നടപ്പാതയ്ക്കായി ജനപ്രതിനിധികളെ പലതവണ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം കളക്ടർക്കും പരാതി നൽകിയിരുന്നു. വിഷയത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ചെറുകാലിക്കായലിലെ കുടുംബങ്ങൾ.

ഫോട്ടോ http://v.duta.us/0rh8CAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HPNYPAAA

📲 Get Alappuzha News on Whatsapp 💬