ഇവിടെനിന്നാണ് മലയെ അരിഞ്ഞെടുത്ത്കൊണ്ടുപോയത്

  |   Wayanadnews

ദുർഘടമായ കാട്ടുവഴികളിലൂടെ മൂന്നു മണിക്കൂറോളം കാൽനടയായി യാത്രചെയ്താണ് ഞങ്ങൾ ഉരുൾപൊട്ടലുണ്ടായ തൊള്ളായിരം മലയുടെ മുകളിലെത്തിയത്. ദുരന്തമുണ്ടായ പുത്തുമലയിലേക്കുള്ള റോഡുവഴിതന്നെയാണ് തൊള്ളായിരത്തിലേക്കും പോകേണ്ടത്. മേപ്പാടിയിൽനിന്ന് ചൂരൽമല റോഡിലൂടെ സഞ്ചരിച്ച് കള്ളാടിയിലെത്തിവേണം തൊള്ളായിരം മലയിലേക്ക് കയറാൻ. യാത്രാമധ്യേ മീനാക്ഷി ഗവ. സ്കൂളിന് സമീപവും എസ്റ്റേറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും ഞങ്ങൾ സഞ്ചരിച്ച കാർ പോലീസ് കൈകാട്ടി നിർത്തിച്ചു. ദുരന്തസ്ഥലത്തേക്ക് ഒട്ടേറെപ്പേർ കാഴ്ചക്കാരായി എത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതിനാലാണ് പോലീസ് വാഹനങ്ങൾ തടയുന്നത്. വാർത്താസംഘമാണെന്ന് മനസ്സിലായതോടെ യാത്രതുടരാൻ അനുവദിച്ചു. അല്പം മുന്നോട്ടെത്തിയപ്പോൾ കള്ളാടി മഖാമിന്റെ അടുത്ത് റോഡിലേക്ക് മണ്ണിടിഞ്ഞതിനാൽ ഒരുവശത്തൂടി മാത്രമേ വാഹനം കടത്തിവിടുന്നുള്ളൂ. മണ്ണ് നിറഞ്ഞ് ചളിക്കുളമായ റോഡിലൂടെ പ്രയാസപ്പെട്ടാണ് വാഹനം മുന്നോട്ടുനീങ്ങിയത്.

പത്തുമണിയോടെയാണ് കള്ളാടിയിലെത്തിയത്. ഇവിടെ ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്നും മുകളിലേക്കുള്ള തൊള്ളായിരംകണ്ടി റോഡുവഴിയാണ് മലയുടെ മുകളിലേക്ക് എത്തേണ്ടത്. ടാറിട്ട റോഡിലൂടെ കുത്തനെയുള്ള കയറ്റം കയറി കാർ നൂറുമീറ്റർ മുകളിലെത്തിയപ്പോഴാണ് മുന്നിൽ വഴിയിടിഞ്ഞതായി കാണുന്നത്. ടാറിങ് റോഡ് നെടുകെപ്പിളർന്ന് ഒരുഭാഗം പത്തടിയോളം താഴ്ന്നുപോയിരിക്കുന്നു. കാറ് സുരക്ഷിതഭാഗത്ത് നിർത്തിയശേഷം മലകയറ്റം ആരംഭിച്ചു. ടാറിങ്ങും റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തതും അപ്പാടെ ഒഴുകിപ്പോയിരിക്കുന്നു. റോഡിലുടനീളം വലിയ ഗർത്തങ്ങൾ, പലയിടത്തും ടാറിങ്ങിന്റെ അവശേഷിപ്പുകൾപോലുമില്ല. വലിയ മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണുകിടക്കുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിൽ ഒന്നുപോലും ശേഷിക്കാതെ തകർന്ന് റോഡിലേക്ക് മറിഞ്ഞുകിടക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ ചെറിയ വീടുകളുണ്ടെങ്കിലും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല....

ഫോട്ടോ http://v.duta.us/ieD-agAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/oNP1MAAA

📲 Get Wayanad News on Whatsapp 💬