തോട്ടപ്പള്ളി പൊഴിമുറിക്കൽ അവസാനഘട്ടത്തിൽ

  |   Alappuzhanews

അമ്പലപ്പുഴ: കടലിലേക്ക് നീരൊഴുക്ക് ദുർബലമായ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴിമുറിക്കൽ ഞായറാഴ്ച നിർത്തിയേക്കും. ശനിയാഴ്ച വൈകീട്ടോടെ പൊഴിയുടെ വീതി 300 മീറ്റർ കവിഞ്ഞു. കഴിഞ്ഞവർഷത്തെ മഹാപ്രളയസമയത്തേക്കാൾ കൂടുതൽ വീതിയിലാണ് ഇത്തവണ പൊഴിമുറിച്ചത്. പ്രളയസമയത്ത് 285 മീറ്റർ വീതിയിലായിരുന്നു പൊഴിമുറിച്ചത്.

സ്പിൽവേയിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് രണ്ടുദിവസമായി ദുർബലമാണ്. സ്പിൽവേയിലും നിശ്ചിത അളവിനുതാഴെ വെള്ളമെത്തി. സ്പിൽവേയുടെ പടിഞ്ഞാറുഭാഗത്തെ 12 ഷട്ടറുകൾക്കരികിൽ നീരൊഴുക്കുതടസ്സപ്പെടുത്തി അടിഞ്ഞുകൂടിയിരുന്ന പോളയും പായലും യന്ത്രസഹായത്തോടെ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ജലവിഭവവകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ എം.സി.സജീവ്കുമാറിന്റെ സാന്നിധ്യത്തിലാണ് പോളയും പായലും നീക്കംചെയ്തുതുടങ്ങിയത്. ഞായറാഴ്ചയും ഇതുതുടരും. പൊഴിമുഖത്തിന്റെ വീതി ഇനിയും കൂട്ടിയാൽ നീരൊഴുക്ക് ദുർബലമാകുന്ന സാഹചര്യത്തിൽ സ്പിൽവേയിലേക്ക് കടലിൽനിന്ന് ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ട്.

ശനിയാഴ്ച വൈകീട്ട് ജലവിഭവവകുപ്പ് അധികൃതർ നിലവിലുള്ള സ്ഥിതിഗതികൾ കളക്ടറെ ധരിപ്പിച്ചു. പൊഴിയിൽനിന്ന് നീക്കംചെയ്ത മണൽ വശങ്ങളിലേക്ക് ഒതുക്കുന്ന ജോലികളും തുടരുകയാണ്. കുട്ടനാട്ടിലെ വെള്ളക്കെട്ട് പൂർണമായും ഒഴിയുംവരെ പൊഴിമുഖത്തുനിന്ന് യന്ത്രങ്ങൾ നീക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Ambalappuzha, Thottapally spillway, Alappuzha

ഫോട്ടോ http://v.duta.us/hpZuBAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/iDLMCQAA

📲 Get Alappuzha News on Whatsapp 💬