പുഴയ്ക്കൽ പാലം തുറക്കാൻ യു.ഡി.എഫ്. രാപകൽ സമരത്തിന്

  |   Thrissurnews

തൃശ്ശൂർ: പുഴയ്ക്കൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തും. 17 മുതൽ പുഴയ്ക്കലിലെ പുതിയ പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് മന്ത്രി ജി. സുധാകരൻ നൽകിയ ഉറപ്പു ലംഘിച്ച സാഹചര്യത്തിലാണ് സമരം. മന്ത്രി നൽകിയ ഉറപ്പ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 21-ന് രാവിലെ പത്തിനു തുടങ്ങി 22-ന് രാവിലെ പത്തുവരെ സമരം നടത്താൻ യു.ഡി.എഫ്. ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 15-ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ അനിൽ അക്കര എം.എൽ.എ.യും പൊതുമരാമത്ത്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ 17-ന് വൈകീട്ടോടെ ചെറുവാഹനങ്ങൾ കടത്തിവിടാൻ ധാരണയിലെത്തിയിരുന്നു. പിന്നീട് പൊതുമരാമത്തുമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഈ തീരുമാനം നടപ്പാക്കാമെന്ന് ജി. സുധാകരൻ ഉറപ്പുനൽകിയിരുന്നു. പിന്നീട് പാലത്തിന്റെ ചുമതലയുള്ള പൊതുമരാമത്തുവകുപ്പ് ചീഫ് എൻജിനീയർ ഇപ്പോൾ വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന തെറ്റായ റിപ്പോർട്ടു നൽകിയതിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിനുശേഷം മാത്രം വാഹനങ്ങൾ കടത്തിവിട്ടാൽ മതിയെന്ന തീരുമാനമെന്ന് യു.ഡി.എഫ്. ആരോപിച്ചു. പാലത്തിനുമുകളിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ ലൈൻ മാറ്റി പാലത്തിനിരുവശത്തുമായുള്ള 50 മീറ്റർ അപ്രോച്ച്‌ റോഡിൽ മെറ്റലിട്ട് 18-ന് രാവിലെ 11 മണിക്ക് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പാലത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി. വൈദ്യുതിക്കാൽ മാറ്റിസ്ഥാപിക്കുകയും പുതിയ ലൈൻ വലിച്ച് നിലവിലെ തടസ്സം നീക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 13-നും 14-നുമുണ്ടായ കനത്തമഴയെത്തുടർന്ന് ഉദ്‌ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ടാറിട്ട് ഒക്ടോബറിൽ മാത്രമേ പാലം ഉദ്ഘാടനസജ്ജമാകൂ. ഓണം സീസണിൽ നിലവിലുള്ള പാലത്തിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിട്ടാൽ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് ഇരട്ടിയാകും. നിലവിൽ പുഴയ്ക്കൽ പാലത്തിനിരുവശത്തുമായി ഏഴുകിലോമീറ്ററാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. നിലവിലെ പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതിന് അപ്രോച്ച്‌ റോഡിന് ബലമില്ലെന്ന പൊതുമരാമത്തുവകുപ്പിന്റെ വാദം ശരിയല്ലെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു. ഇത് നൂറുവർഷം മുമ്പ് ബ്രിട്ടീഷുകാരുണ്ടാക്കിയ റോഡാണ്. നിർമാണപുരോഗതി വിലയിരുത്താൻ ചീഫ് എൻജിനീയറോട് നേരിട്ടുവരാൻ ആവശ്യപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹം സ്ഥലം സന്ദർശിച്ചിട്ടില്ല. കേട്ടുകേഴ്‌വിയുടെ അടിസ്ഥാനത്തിൽ തെറ്റായ വിവരങ്ങൾ പൊതുമരാമത്തുവകുപ്പുമന്ത്രിയെ ധരിപ്പിക്കുന്ന ചീഫ് എൻജിനീയറുടെ നടപടി ദുരൂഹമാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. തൃശ്ശൂർ എം.പി. ടി.എൻ. പ്രതാപൻ, അനിൽ അക്കര എം.എൽ.എ., പുഴയ്ക്കൽ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, അടാട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർ എ. പ്രസാദ്, അടാട്ട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ഒ. ചുമ്മാർ, അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിമ്മി ചൂണ്ടൽ തുടങ്ങിയവർ ശനിയാഴ്ച രാവിലെ അപ്രോച്ച് റോഡും പാലവും സന്ദർശിച്ചശേഷമാണ് ഈ തീരുമാനം.

ഫോട്ടോ http://v.duta.us/JItWEwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sw7bFAAA

📲 Get Thrissur News on Whatsapp 💬