വെള്ളക്കെട്ടിൽ വലഞ്ഞ് ടാക്സിഡ്രൈവർമാർ

  |   Kannurnews

കണ്ണൂർ: വെള്ളമിറങ്ങിയപ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഓടിനടക്കുന്ന ആരോഗ്യപ്രവർത്തകർ റെയിൽവേ സ്റ്റേഷൻ റോഡിലേക്കൊന്നുവരണം. അനാരോഗ്യകരമായ ചുറ്റുപാടിലിരുന്ന് വളയംപിടിച്ച് കുടുംബംപുലർത്തുന്ന മനുഷ്യരുണ്ട് ഇവിടെ. സ്റ്റാൻഡിലെ അഴുക്കുവെള്ളക്കെട്ടിൽ വണ്ടിനിർത്തിയിട്ട് ഓട്ടത്തിനായി കാത്തിരിക്കുകയാണ് ഡ്രൈവർമാർ. ടാക്സിസ്റ്റാൻഡിലെ വെള്ളക്കെട്ട് ഇന്നലെയും ഇന്നും തുടങ്ങിയതല്ല. വർഷങ്ങളായി അനുഭവിക്കുന്ന തങ്ങളുടെ ദുരിതം എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നെന്നാണ് ഇവിടുത്തെ ഡ്രൈവർമാരുടെ പരാതി. ‘കൊതുകുവളർത്തുകേന്ദ്ര’മായിമാറിയ വെള്ളക്കെട്ടിന് സമീപം പത്തുമിനിട്ട് നിൽക്കുകയെന്നതുതന്നെ പ്രയാസമേറിയ കാര്യമാണ്. വെള്ളത്തിലെങ്ങാനും കാൽകുത്തിയാൽ പിന്നീട് ചൊറിച്ചിൽ തുടങ്ങും. സ്റ്റാൻഡിലെത്തുന്നവർക്കുനേരേ വാഹനത്തിൽ കയാറാനാവില്ല. തിരക്കേറിയ റോഡിൽ മലിനജലത്തിൽനിന്ന്‌ വണ്ടി മാറ്റിനിർത്തിയിട്ടുവേണം ആളുകളെ കയറ്റാൻ. കാറുകൾ സ്റ്റാൻഡിലില്ലാത്തസമയം ഇതുവഴിയുള്ള കാൽനടയാത്രപോലും പ്രയാസമാണ്. ബസ്സുകളും മറ്റുവാഹനങ്ങളും റോഡിന് ഓരംചേർത്തെടുക്കുമ്പോൾ മലിനജലം ദേഹത്ത് പതിക്കും. മതിയായ ഓവുചാലുകളുംമറ്റും ഇല്ലാത്തതാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിന് പ്രധാനകാരണം. ടാക്സിസ്റ്റാൻഡിന് മുന്നിലുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നിടത്ത് ചെറിയ കയറ്റമുണ്ട്. മഴപെയ്താൽ ഇവിടെനിന്ന് വെള്ളംമുഴുവൻ കുത്തിയൊലിച്ചെത്തി റോഡിലൊഴുകും. അങ്ങനെ ഒഴുകിയെത്തുന്ന വെള്ളമാണ് ദിവസങ്ങളോളം കെട്ടിക്കിടന്ന് മലിനമായി കൊതുകുകൾ പെറ്റുപെരുകുന്നതിന് കാരണമാവുന്നത്. റോഡ് ടാർചെയ്യുന്ന സമയത്തുതന്നെ വെള്ളക്കെട്ടിന്റെ സാധ്യത അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഒരുപ്രയോജനവും ഉണ്ടായില്ലെന്ന് ടാക്സിഡ്രൈവർമാർ പറഞ്ഞു. പതിനഞ്ചോളം ഡ്രൈവർമാരാണ് ഈ സ്റ്റാൻഡിൽ ജോലിചെയ്യുന്നത്. പൈപ്പുകളോ മറ്റോ ഉപയോഗിച്ച് വെള്ളം വഴിതിരിച്ചുവിടാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നതാണ് ഡ്രൈവർമാരുടെ ആവശ്യം. ടാക്സിസ്റ്റാൻഡിന് സമീപത്തുള്ള ദക്ഷിണ റെയിൽവേയുടെ ആരോഗ്യകേന്ദ്രവും അനാരോഗ്യംപേറുകയാണ്. ആരോഗ്യകേന്ദ്രത്തിന് മുൻവശം ചെളിയും മാലിന്യവും അടിഞ്ഞുകൂടി വൃത്തിഹീനമാണ്. വെള്ളത്തിൽ ചവിട്ടാതിരിക്കാനായി ഇട്ടിരിക്കുന്ന കല്ലുകളിൽ ചവിട്ടി സാഹസികമായിവേണം ആരോഗ്യകേന്ദ്രത്തിലെത്താൻ.

ഫോട്ടോ http://v.duta.us/00p22gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZLCf3gAA

📲 Get Kannur News on Whatsapp 💬