കുന്നിൻമുകളിലെ കാഴ്ചക്കൊട്ടാരം

  |   Ernakulamnews

കൊച്ചിയുടെ സ്വന്തം ഹിൽപ്പാലസ് മുഖം മിനുക്കിക്കഴിഞ്ഞു... കുന്നിൻമുകളിൽ ഇപ്പോൾ കാഴ്ചവസന്തം... മെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, ‘ഹിൽപ്പാലസ്’ ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്. സന്ദർശകരുടെ എണ്ണത്തിന്റെ കാര്യത്തിലും ഹിൽപ്പാലസ് മ്യൂസിയം ഒന്നാമതാണ്. 6 ലക്ഷത്തോളം സന്ദർശകരാണ് പ്രതിവർഷം ഹിൽപ്പാലസ് കാണാനെത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 1.5 കോടിയിലധികം രൂപയാണ് ടിക്കറ്റ് വരുമാനം.രാജഭരണകാലത്ത് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നിർമിച്ചതാണ് കൊട്ടാരവും പരിസരവും. കൊട്ടാര സമുച്ചയങ്ങൾ കൂടാതെ, ഫൗണ്ടനുകൾ, കുളങ്ങൾ, പടികൾ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ തുടങ്ങിയവയെല്ലാം നാശോന്മുഖമായ അവസ്ഥയിലായിരുന്നത് പുതുതായി നവീകരിച്ചു. ഉദ്യാനം 52 ഏക്കർ വരുന്ന രാജകീയോദ്യാനം സസ്യവൈവിദ്യങ്ങളാൽ സമ്പന്നമാണ്. മനോഹരമായ പൂന്തോട്ടവും ‘ഹോർത്തൂസ് മലബാറിക്കൂസു’മായി ബന്ധപ്പെടുത്തി നിർമിച്ച ഔഷധ ഉദ്യാനവും ഉണ്ട്. സന്ദർശകർക്ക് ചെടികളും മറ്റും വാങ്ങുന്നതിനുള്ള പ്ലാന്റ് നഴ്സറിയും പ്രവർത്തിക്കുന്നു. പ്ലാന്റ് നഴ്സറി ആധുനികമായി നവീകരിക്കുന്നതിനുള്ള ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് കരാർ നൽകിക്കഴിഞ്ഞതായി അധികൃതർ പറയുന്നു.പുതുമോടിയിൽ കുളങ്ങൾ എട്ടുകെട്ടിന് സമീപത്തെ കുളം, കുട്ടികളുടെ പാർക്കിന് സമീപത്തെ കുളം, പത്തുമുറി ഭാഗത്തെ തീണ്ടാരിക്കുളം എന്നിവയെല്ലാം ചെങ്കല്ലുകെട്ടി, കേടുപാടുകൾ തീർത്ത് മനോഹരമാക്കിയിരിക്കുന്നു. കുളവും കടവുകളും കുളക്കടവിലേക്കുള്ള പടികളും എല്ലാം സന്ദർശകരെ ഏറെ ആകർഷിക്കുന്നതായി ഇപ്പോൾ മാറിയിരിക്കുന്നു.എട്ടുകെട്ട്ഹിൽപ്പാലസ് സമുച്ചയത്തിലെ ആദ്യ കെട്ടിടമാണ് ‘എട്ടുകെട്ട്’. 1860-ഓടെ നിർമാണം പൂർത്തിയായ ഈ പൈതൃകമന്ദിരം ശോച്യാവസ്ഥയിൽ ആയിരുന്നത് തനിമ നിലനിർത്തി പുനരുദ്ധരിച്ചു. സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമായ പൈതൃക മ്യൂസിയമാണ് എട്ടുകെട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതുതലമുറയ്ക്ക് തദ്ദേശീയ വാസ്തുവിദ്യാ രീതി പരിചയപ്പെടാൻ ഉതകുന്ന ഈ പൈതൃകമന്ദിരത്തിൽ ആട്ടുകട്ടിൽ, മരത്തിൽ നിർമിച്ച അടുക്കള ഉപകരണങ്ങൾ, ചീനഭരണികൾ, വിവിധതരം പെട്ടികൾ, പൂട്ടുകൾ എന്നിവയാണ് പ്രധാനമായും പ്രദർശിപ്പിച്ചിരിക്കുന്നത്.മാൻ വനം ഹിൽപ്പാലസിലെ മാൻപാർക്കിൽ ഏകദേശം 220 മാനുകളും 20-ലധികം മ്ലാവുകളുമാണ് ഉള്ളത്. പാർക്കിലെ മോശമായ സാഹചര്യത്തിൽ മൃഗങ്ങൾ ചത്തുവീഴുന്ന വാർത്തകളാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് പാർക്കിൽ ഊർജസ്വലരായി നിൽക്കുന്ന മാനുകളെ കാണാം. മാനുകളെ സുരക്ഷിതമായി കാട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങൾ വനംവകുപ്പ് ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് നടന്നു വരുന്നതേയുള്ളു. മാനുകൾക്ക് മഴ നനയാതെയും വെയിൽ കൊള്ളാതെയും കയറിനിൽക്കാൻ വിശാലമായ ഷെൽട്ടർ ആണ് നിർമിച്ചിട്ടുള്ളത്. പൈതൃകപഠന കേന്ദ്രത്തിന് സർക്കാർ അനുവദിച്ച 30 ലക്ഷത്തോളം രൂപ മുടക്കിയാണ് ഷെൽട്ടർ, ഫെൻസിങ് എന്നിവ നിർമിച്ചിട്ടുള്ളത്.കുട്ടികളുടെ പാർക്ക് സഞ്ചാരികളായി എത്തുന്ന കുട്ടികളെയും പ്രദേശവാസികളെയും കൂടുതൽ ആകർഷിക്കാൻ കുട്ടികളുടെ പാർക്കും സജ്ജമായി. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന പഴയ കളിയുപകരണങ്ങൾ മാറ്റി, വൈവിധ്യമുള്ള പുതിയവ സ്ഥാപിച്ചു. ഇരിപ്പിട സൗകര്യത്തോടെ പാർക്കിന് ചുറ്റുമതിലും നിർമിച്ചു. രണ്ട്‌ ഘട്ടമായി 35 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.രാത്രിയിലും ശോഭയിൽ രാജകീയപ്രൗഢിയിൽ പ്രഭാപൂരിതമാണ് ഹിൽപ്പാലസും പൈതൃകോദ്യാനവും. ഹിൽപ്പാലസിൽ 35 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതോടെ, 52 ഏക്കർ വരുന്ന കൊട്ടാരവളപ്പും കൊട്ടാരവും കെട്ടിടങ്ങളും രാത്രിയും ആകർഷകമായി. ഒരു കാലിൽ 60 വാട്ട്‌ വീതം ഉള്ള ആറ്‌ ലൈറ്റുകൾ ഉൾപ്പെടുന്ന 35 വിളക്കുകാലുകളാണ് ഉള്ളത്.ഇ-ടോയ്‌ലറ്റ്പുതിയതായി 5 ഇ-ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അംഗപരിമിതർക്കുകൂടി സഹായകമാകുന്ന വിധത്തിലാണ് ഇതിൽ ഒന്ന് നിർമിച്ചിട്ടുള്ളത്.ഗാലറികൾ അന്തർദേശീയ മാതൃകയിൽ നവീകരിക്കുംഹിൽപ്പാലസ് മ്യൂസിയം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, മ്യൂസിയത്തിലെ പ്രദർശനവസ്തുക്കളുടെ സമഗ്ര പുനർവിന്യാസത്തിന് പദ്ധതി നടപ്പാക്കാൻ പോകുകയാണ്. കേരള ചരിത്ര-പൈതൃക മ്യൂസിയത്തിനാണ് ഇതിന്റെ പ്രവൃത്തിച്ചുമതല. ഉടൻ ഇത് ആരംഭിക്കും.പുത്തൻ ഉണർവിൽ പൈതൃകപഠന കേന്ദ്രം ഹിൽപ്പാലസ് കാമ്പസിൽ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൈതൃക പഠനകേന്ദ്രം പുരാവസ്തു, പുരാരേഖ, സംരക്ഷണ പഠനവുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നു. ചരിത്ര പണ്ഡിതൻ ഡോ. എം.ആർ. രാഘവ വാരിയർ ഇതിന്റെ ഡയറക്ടർ ജനറലാണ്. ഹിൽപ്പാലസ് കാമ്പസിന്റെ പൂന്തോട്ട പരിപാലനവും കാന്റീനുകൾ, കുട്ടികളുടെ പാർക്ക് എന്നിവയുടെ നടത്തിപ്പും പൈതൃകപഠന കേന്ദ്രത്തിന്റെ ചുമതലയിലാണ്. മാതൃഭാഷാ പഠനം, പൈതൃകപഠനം എന്നീ വിഷയങ്ങളിൽ രണ്ട് അന്തർദേശീയ സെമിനാറുകൾ ഈ വർഷം സംഘടിപ്പിച്ചു. 40 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഒരുവർഷം ദൈർഘ്യമുള്ള ആർക്കിയോളജി, ആർക്കൈവ്സ്, കൺസർവേഷൻ കോഴ്സുകൾ ആണ് ഇവിടെയുള്ളത്.പാർക്കിങ് പരിമിതി വാഹനങ്ങളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം കൂടിയതോടെ പാർക്കിങ്ങിനുള്ള സൗകര്യക്കുറവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ സ്ഥലം കണ്ടെത്തി പാർക്കിങ്ങിന് സൗകര്യം ഒരുക്കേണ്ടതുണ്ട്. പൂന്തോട്ടവും പൈതൃക നിർമിതികളും മറ്റും ഉള്ളതിനാൽ പാർക്കിങ് സ്ഥലം വിപുലീകരിക്കാൻ പ്രായോഗിക പ്രശ്നങ്ങളുമുണ്ട്.അന്തർദേശീയ നിലവാരത്തിലേക്ക് ഉയരും ഹിൽപ്പാലസ് മ്യൂസിയം ഉൾപ്പെടെ കേരളത്തിലെ മ്യൂസിയങ്ങളുടെ നവീകരണത്തിന് ഒട്ടേറെ പദ്ധതികൾ നടന്നുവരുന്നു. മ്യൂസിയങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന വിധത്തിലുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. മ്യൂസിയം നവീകരിക്കുന്നതിനൊപ്പം കാമ്പസിന്റെ സമഗ്ര സംരക്ഷണവും സൗന്ദര്യവത്‌കരണവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇപ്പോൾ ഹിൽപ്പാലസിൽ നടന്നുവരുന്നത്. ഈ രണ്ടു പ്രവർത്തനങ്ങളും പൂർത്തിയാകുന്നതോടെ ഹിൽപ്പാലസ് കേരളത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ. സോന പറഞ്ഞു.

ഫോട്ടോ http://v.duta.us/XcwTFgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/gJqeXgAA

📲 Get Ernakulam News on Whatsapp 💬