കാരക്കോടൻ പുഴ ഗതിമാറി; വെള്ളക്കട്ടയിൽ നശിച്ചത് മുപ്പതേക്കർ കൃഷി

  |   Malappuramnews

എടക്കര: കാരക്കോടൻ പുഴ ഗതിമാറി ഒഴുകുന്നു. ഇതോടെ വെള്ളക്കട്ടയിൽ കല്ലും മണലും നിറഞ്ഞത് മുപ്പതോളം ഏക്കർ കൃഷിയിടങ്ങിളിൽ. പുത്തിരിപ്പാടം ചേറൂത്ത് പരമേശ്വരൻ, പാലേംപടിയൻ അയമു, പരിയാരത്ത് മുഹമ്മദ്, ചാത്തോലി സെയ്തലവി, അബ്ദുറഹ്‌മാൻ, മുസ്‌ലിയാർ വീട്ടിൽ തറയിൽ അബുബക്കർ, ഒളകര ഹംസ, കോലാർ വീട്ടിൽ പ്രഭാകരൻ, കോറാടൻ അബു, കണ്ണിയൻ മൊയ്തീൻ, അബു കല്ലുവെട്ടി, ചേറൂത്ത് മനോജ്, സോമൻ, ഗിരിജ, പത്മജ, ശോഭന, പാലേംപടിയൻ ഇബ്രാഹിം, തച്ചങ്കോടൻ ജാഫർ, തോരൻ മണി, മുരിയൻകണ്ടൻ വേണു, തണ്ടുപാറ അബ്ദുറസാഖ് മുതലായവരുടെ കൃഷിയിടങ്ങളിലൂടെയാണ് കാരക്കോടൻ പുഴ ഇപ്പോൾ ഒഴുകുന്നത്. ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിലും നാടുകാണിച്ചുരത്തിലെ ഉരുൾ പൊട്ടലിലുമാണ് പുഴ ഗതിമാറി ഒഴുകിയത്. അഞ്ചിടങ്ങളിലാണ് പുഴ ഗതിമാറിയത്. വഴിക്കടവിന്റെ കാർഷികഗ്രാമമാണ് ഇവിടം. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് കൃഷികൾ. കൃഷിയിടങ്ങളിലൂടെ പുഴപോലെയാണ് വെള്ളം ഒഴുകുന്നത്. മുഴുവൻ സ്ഥലങ്ങളിലും മണലും പാറക്കൂട്ടങ്ങളും നിറഞ്ഞുകിടക്കുന്നു. നൂറ് കണക്കിന് വാഴകളും കവുങ്ങും നശിച്ചു. മലവെള്ളപ്പാച്ചിലിൽ പലരുടെയും കൃഷിയിടങ്ങൾ ഒഴുകിപ്പോയി. മുൻ വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണ് പുഴയിൽ നിറഞ്ഞ് കിടക്കുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർഷകർ പറഞ്ഞു. പുഴയുടെ ആഴം കൂട്ടാൻ മണ്ണും കല്ലും നീക്കംചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. 25-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. വഴിക്കടവ് വനത്തോട് ചേർന്നാണ് പ്രദേശം. കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് 15-ഓളം കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീട്‌വെച്ച് താമസം മാറിയിരുന്നു. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയ മറ്റ് ആളുകൾ ബന്ധുവീടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്.

ഫോട്ടോ http://v.duta.us/Acq0FAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VS-qbgAA

📲 Get Malappuram News on Whatsapp 💬