ചാലിയാർതീരത്ത്‌ വ്യാപക കൈയേറ്റമെന്ന് കേരള നദീസംരക്ഷണസമിതി

  |   Kozhikodenews

പന്തീരാങ്കാവ്: ചാലിയാർതീരം പൂർണമായും കൈയേറ്റത്തിന് വിധേയമായിരിക്കുകയാണെന്ന്‌ കേരള നദീസംരക്ഷണസമിതി. ഫറോക്ക്, രാമനാട്ടുകര, വാഴയൂർ, ഒളവണ്ണ, പന്തീരാങ്കാവ് തുടങ്ങിയ പഞ്ചായത്തുകളിൽ സമിതി നടത്തിയ പഠനറിപ്പോർട്ടിലാണ് കൈയേറ്റം കണ്ടെത്തിയത്.പല വൻകിട സ്ഥാപന ഉടമകളും വ്യക്തികളും ജനങ്ങൾക്ക് പുഴയുമായി ഇടപഴകാനുള്ള സ്ഥലസൗകര്യംപോലും നൽകാതെയാണ് പുഴത്തീരം കൈയേറി കൊട്ടിയടച്ചതെന്നും ചില വ്യക്തികളുടെ വീടുകളോടുചേർന്ന് ബോട്ടുജെട്ടികൾ നിർമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുഴ പുറമ്പോക്കും സ്വന്തംപുരയിടത്തിലെ കുറച്ചുസ്ഥലവും പുഴയിലേക്ക് ഇടിച്ചിറക്കിയാണ് ചിലർ ബോട്ടുജെട്ടി നിർമിച്ചിട്ടുള്ളത്. പുഴയിൽ ഉരുക്കുബീമുകൾ നിരനിരകളായി ഉറപ്പിച്ചും ജെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ പ്രകൃതിദുരന്തസമയങ്ങളിൽ രക്ഷാപ്രവർത്തകർക്ക് പുഴയിലേക്ക് പ്രവേശിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. പുറമ്പോക്കുസംരക്ഷണത്തിനും പൊതുജനങ്ങൾക്ക് നദീതീരം ഉപയോഗപ്പെടുത്തുന്നതിനും റവന്യൂ അധികൃതർക്ക് നിവേദനം നൽകുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. കേരള നദീസംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ നേതൃത്വം നൽകിയ പഠനസംഘത്തിൽ പി.ടി. മുഹമ്മദ്‌ കോയ (ചാലിയാർ സംരക്ഷണസമിതി), പി. കോയ (മാമ്പുഴ സംരക്ഷണസമിതി), ടി.വി. ശബരീശൻ (പൂനൂർപ്പുഴ സംരക്ഷണ സമിതി), മഠത്തിൽ അബ്ദുൾ അസീസ്, പി.ടി. ശിവദാസൻ, പ്രദീപ് ഫാറൂഖ് കോളേജ്, മുസ്തഫ നിലമ്പൂർ എന്നിവർ അംഗങ്ങളായിരുന്നു. കെ.എം. അബ്ദുൾ റഫീഖ്, പി. അഷറഫ്, യു.പി. റൗഫ് റഹ്മാൻ, കെ. എം. അബ്ദുൾ മജീദ്, പി.കെ. രവീന്ദ്രൻ, ഉമേഷ്‌ബാബു എന്നിവരും അനുഗമിച്ചു.

ഫോട്ടോ http://v.duta.us/vkrwRQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/g5OXWgAA

📲 Get Kozhikode News on Whatsapp 💬