നടപ്പാത തറയോടിടാൻ മരം മുറിച്ച സംഭവം

  |   Thiruvananthapuramnews

നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ പാതവികസനത്തിന്റെ ഭാഗമായി നടപ്പാത തറയോടിടാനായി 23 തണൽമരങ്ങൾ മുറിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരേ പോലീസ് കേസ് എടുത്തു. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ മരംമുറിച്ച സ്ഥലങ്ങളിൽ വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെയാണ് പെരുങ്കടവിള കവല മുതൽ പഴയ ചെക്പോസ്റ്റ് കവല വരെയായി റോഡ് നിർമാണത്തിനു കരാറെടുത്ത കമ്പനി 23 തണൽമരങ്ങൾ വനംവകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചുമാറ്റിയത്. അമരവിള മുതൽ ആര്യങ്കോട് വരെയായി പാതവികസനം നടക്കുകയാണ്. പാതവികസിപ്പിക്കുമ്പോൾ അപകടത്തിലായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് വനംവകുപ്പിനോട് അനുമതി തേടിയിരുന്നു.അമരവിള മുതൽ ആര്യങ്കോട് വരെയായി അപകടക്കെണിയായ 27 മരങ്ങൾ മുറിക്കാൻ വനംവകുപ്പ് പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകി. എന്നാൽ, പെരുങ്കടവിള മുതൽ പഴയ ചെക്പോസ്റ്റ് കവലയിലുള്ള ഒരു മരവും മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് കരാർ പണി ഏറ്റെടുത്ത കമ്പനി 23 മരങ്ങൾ മുറിച്ചുതള്ളിയത്. പെരുങ്കടവിളയിൽ മരംമുറിച്ച സംഭവം ‘മാതൃഭൂമി’ വാർത്തയായി നൽകിയിരുന്നു. തുടർന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. സംഭവത്തിൽ ഇടപെടുകയും അനധികൃതമായി മരംമുറിച്ചതിന് കേസ് എടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഗോഡ്‌വിൻ ഞായറാഴ്ച മാരായമുട്ടം പോലീസിൽ പരാതി നൽകി. പാതവികസനത്തിന് കരാർ ഏറ്റെടുത്ത കാസർകോട്‌ കേന്ദ്രമായുള്ള കുന്ദ്രോളി കൺസ്ട്രക്ഷൻസ് കമ്പനിയുടെ മാനേജർ നസീറിനെതിരേ മാരായമുട്ടം പോലീസ് കേസ് എടുത്തു.മരംമുറിച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതരെയും കരാർ കമ്പനിയുടെ പ്രതിനിധികളെയും തിങ്കളാഴ്ച പോലീസ് ചോദ്യംചെയ്യും. അതിനിടെ വനംവകുപ്പ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ജി.രവീന്ദ്രനാഥ് ഞായറാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ നേരത്തെ മുറിച്ചുമാറ്റാൻ അനുമതി നൽകിയ മരങ്ങളല്ല മുറിച്ചുമാറ്റിയതെന്നു കണ്ടെത്തി.പ്രതിഷേധവുമായി സി.പി.ഐ. പെരുങ്കടവിളയിൽ തണൽമരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സി.പി.ഐ. പെരുങ്കടവിള ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സാമൂഹിക വനവത്കരണം, തളിർ, പച്ചത്തുരുത്ത് പദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് തണൽമരങ്ങൾ മുറിച്ചുമാറ്റിയത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു.വനംവകുപ്പും കേസെടുക്കുംമരംമുറിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് പോലീസിൽ പരാതി നൽകിയ സ്ഥിതിക്ക്‌ വനംവകുപ്പും കേസ് എടുക്കും. തിങ്കളാഴ്ച ഇതുസംബന്ധിച്ച് നടപടിയുണ്ടാകും. ജി.രവീന്ദ്രനാഥ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ

ഫോട്ടോ http://v.duta.us/0vs8CQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/N-FbQAAA

📲 Get Thiruvananthapuram News on Whatsapp 💬