നിർമാണം പൂർത്തിയായിട്ടും പ്രവർത്തനംതുടങ്ങാതെ രണ്ടുതടയണകൾ

  |   Kozhikodenews

ബാലുശ്ശേരി: ജലസേചനസംവിധാനത്തിനായി കോട്ടനടപ്പുഴയിൽ നിർമിച്ച രണ്ട് തടയണകൾ ഉദ്ഘാടനം ചെയ്യാത്തതിനെതുടർന്ന് കൃഷിയിറക്കാനാവാതെ നെൽകർഷകർ. പനങ്ങാട് പഞ്ചായത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കോട്ടനടവയലിൽ ജലലഭ്യത കുറഞ്ഞതുകാരണം കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. വയലിന് സമീപത്തുകൂടി കോട്ടനടപ്പുഴ ഒഴുകുന്നുണ്ടെങ്കിലും പുഴയിൽ നിർമാണം പൂർത്തിയായ രണ്ട് തടയണകളും പ്രവർത്തനം തുടങ്ങാതെ കിടക്കുന്നതാണ് കർഷകർക്ക് വിനയായിരിക്കുന്നത്.കോട്ടനട പാലത്തിന് മുകളിലോട്ടുള്ളഭാഗത്ത് 30 ലക്ഷത്തിലധികംമുടക്കി ജില്ലാപഞ്ചായത്ത് നിർമിച്ച തടയണയും പാലത്തിനു താഴെഭാഗത്ത് 15 ലക്ഷം മുടക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച തടയണയുമാണ് നിർമാണം കഴിഞ്ഞിട്ടും പ്രവർത്തനംതുടങ്ങാതെ കിടക്കുന്നത്. കോട്ടനടപ്പുഴയിൽ നേരത്തേയുണ്ടായിരുന്ന തടയണ പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. പഴയ തടയണ ഉണ്ടായിരുന്നപ്പോൾ കർഷകർതന്നെയാണ് മരപ്പലകകൊണ്ടുള്ള ഷട്ടറുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പുതിയ തടയണയിൽ പുഴയിൽ ഒഴുക്കുള്ളതിനാൽ ഷട്ടറിടാൻ കഴിയില്ലെന്നും തുലാവർഷംകൂടി കഴിഞ്ഞിട്ട് നോക്കാമെന്നുമാണ് സ്ഥലത്തെത്തിയ കരാറുകാരൻ കർഷകരോട് പറഞ്ഞത്. എന്നാൽ കൃഷിക്ക്‌ ആവശ്യമുള്ളപ്പോഴാണ് വെള്ളം വേണ്ടതെന്നും കരാറുകാരൻ പറയുന്നസമയത്ത് കൃഷി ചെയ്താൽ വിളവ് കൊയ്യാൻ കഴിയില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. മകരക്കൊയ്ത്തിനുള്ള കൃഷിയിറക്കേണ്ടസമയം അതിക്രമിക്കുകണെന്നും എത്രയുംവേഗം തടയണകൾ പ്രവർത്തിപ്പിച്ച് സഹായിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. പനങ്ങാടിന്റെ നെല്ലറയിൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യങ്ങൾ കാണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് കഴിഞ്ഞ ദിവസം നെൽകർഷകർ നിവേദനം നൽകിയിരുന്നു. തങ്ങളെ സഹായിക്കാനായി തുടങ്ങിയ പദ്ധതികൾ ഉപയോഗപ്രദമാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. നെൽകർഷകർ മറ്റ് കൃഷിയിലേക്ക് തിരിയുന്നത് കൂടിവരികയാണെന്നും കഴിഞ്ഞവർഷം 50 ഏക്കറിൽ ഉണ്ടായിരുന്ന നെൽക്കൃഷി ഇത്തവണ 15 ഏക്കറിലേക്ക് കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോ http://v.duta.us/ULDyhQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ak_8vAAA

📲 Get Kozhikode News on Whatsapp 💬