പൂങ്കാറും കറുത്തകവണിയും പുതിയ അതിഥികൾ; സുനിലിന്റെ നെൽപ്പാടത്ത് പരീക്ഷണം തുടരുന്നു

  |   Wayanadnews

ചീരാൽ: കല്ലിങ്കര പാടശേഖരത്തിൽ പുതിയ മൂന്ന് അതിഥികളെത്തി. മാത്തൂർക്കുളങ്ങര സുനിലിന്റെ വയലിലാണ് നെല്ല് വിതച്ചത്. മുപ്പത് സെന്റുസ്ഥലത്ത് മൂന്നിനം നെല്ലുകൾ കതിരിട്ടുതുടങ്ങി. പരമ്പരാഗത നെൽക്കർഷകനാണ് സുനിൽ. പ്രതിസന്ധികളുണ്ടായിട്ടും രണ്ടര പതിറ്റാണ്ടായി നെൽക്കൃഷിയിൽ ഉറച്ചുനിൽക്കുകയാണ്. കാരണവൻമാർ കൈമാറിത്തന്ന പരമ്പരാഗതവിത്തുകൾക്കുപുറമെ പുതിയ ഇനം പരീക്ഷിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ഓരോവർഷവും വ്യത്യസ്ത ഇനങ്ങൾ കൊണ്ടുവന്ന് പരീക്ഷിക്കുകയാണ് സുനിൽ. അഞ്ചേക്കറോളം പാടത്ത് തനത് നെല്ലിനങ്ങൾ വിളയുമ്പോൾ അതിഥികൾക്കായി ഒരിടം മാറ്റിവെക്കുന്നു.തമിഴ്‌നാട് സത്യമംഗലത്തെ ഉൾഗ്രാമങ്ങളിൽ നിന്നെത്തിച്ച മൂന്നിനമാണ് ഇക്കുറി പരീക്ഷിക്കുന്നത്. കാൻസറിനെയും ഷുഗറിനെയും ചെറുക്കുന്ന കറുത്തകവണി, സുഖപ്രസവത്തിന് ഔഷധമാകുന്ന പൂങ്കാർ, ശരീരപുഷ്ടിനൽകുന്ന മാപ്പിളൈപ്പച്ച എന്നിവയാണവ. മറ്റ് നെല്ലിനങ്ങൾക്കൊപ്പം പരിപാലിക്കുന്ന ഇവ കതിരിട്ടുതുടങ്ങി. കറുത്തകവണിയുടെ ഇലകൾക്ക് മറ്റുള്ളവയേക്കാൾ കറുപ്പുകലർന്ന പച്ചനിറമാണ്. മാപ്പിളൈപ്പച്ച ഉയരംകൂടിയവയുമാണ്. ഞാറുനടുമ്പോഴുണ്ടായ മഴക്കുറവും പിന്നീട് പ്രളയവും ഇത്തവണ നെൽക്കൃഷിയെ ബാധിച്ചിട്ടുണ്ട്. ഒരുമാസം വൈകിയാണ് എല്ലായിനങ്ങളും കതിരിടുന്നത്.ഇരുപതോളം നെല്ലിനങ്ങൾ ഇതിനോടകം സുനിൽ പരീക്ഷിച്ചു. കേരളത്തിന് പുറത്തുനിന്നുള്ളവയാണ് കൂടുതലും. പരീക്ഷിച്ച് വിജയിച്ചവയുടെയെല്ലാം വിത്തുകൾ സൂക്ഷിക്കുന്നുമുണ്ട്. വ്യത്യസ്തയിനം നെൽവിത്തുതേടി അയൽജില്ലകളിൽനിന്ന് കർഷകരെത്തുന്നുണ്ട്. ഔഷധമൂല്യമുള്ള നെൽവിത്തിനായി കഴിഞ്ഞദിവസം വടകര ആയഞ്ചേരിയിലെ കർഷകർ സുനിലിന്റെ വീട്ടിലെത്തി. കൃഷിരീതികൾ കണ്ടുമനസ്സിലാക്കി, മൂന്നിനം നെൽവിത്തുകളുമായാണ് ഇവർ മടങ്ങിയത്. വയനാട്ടിൽവിളയുന്ന വ്യത്യസ്തതരം നെല്ലിനങ്ങൾ തേടിയാണ് കല്ലിങ്കരയിലെത്തിയതെന്ന് സംഘാംഗമായ കെ.പി. അബ്ദുറഹ്മാൻ പറഞ്ഞു. പരമ്പരാഗത കർഷകരിൽനിന്നുള്ള അറിവുകൾ ഗുണം ചെയ്യുമെന്നും പരീക്ഷണം വിജയിച്ചാൽ വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ http://v.duta.us/G9b-7wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/M7tmeQAA

📲 Get Wayanad News on Whatsapp 💬