ഒറ്റയും ഇരട്ടയും ഇട്ടുതട്ടും കഴിഞ്ഞാൽ പട്ടം കിട്ടും; ഇത് നാടൻ പന്തുകളി

  |   Alappuzhanews

ഹരിപ്പാട്: ഒറ്റ, ഇരട്ട, പിടിച്ചുകെട്ട്, താളം, കാലിൻകീഴ്, ഇട്ടുതട്ട്... എല്ലാം കഴിഞ്ഞ് ജയിച്ചുകയറുന്നവർക്ക് പട്ടം കിട്ടും. ഓണാട്ടുകരയിലെ ഓണക്കളിയായ നാടൻ പന്തുകളിയാണിത്. ഫുട്‌ബോളും വോളിബോളും ക്രിക്കറ്റും ചേർന്നുള്ള കളിയെന്ന് ഒറ്റവാക്കിൽ പറയാം.മൂന്ന് കളികളിലെയും നിയമങ്ങൾ ഇതിൽ പ്രകടമാണ്. തലമുറകളായി കൈമാറിവരുന്ന ഈ കളി ഓണാട്ടുകരയുടെ അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. മുൻകാലങ്ങളിൽ ഇത് നാട്ടിൽ വളരെ പ്രചാരത്തിലുണ്ടായിരുന്നു.ഒരു ടീമിൽ അഞ്ചുപേരാണ് വേണ്ടത്. ഫുട്‌ബോൾ മൈതാനമാണെങ്കിൽ നല്ലത്. തുകലിനുള്ളിൽ ചകിരിനാര് നിറച്ചാണ് പന്തുണ്ടാക്കുന്നത്. നല്ല ഭാരമുണ്ടാകും.വോളിബോളിലെ സർവീസ് പോലെയാണ് പന്തടിക്കുന്നത്. നറുക്കെടുപ്പിലൂടെ ആദ്യം പന്തടിക്കുന്ന ടീമിനെ തിരഞ്ഞെടുക്കും. ഒരാൾ പന്തടിക്കാൻ തയ്യാറായിനിൽക്കുമ്പോൾ എതിർടീമിലെ അഞ്ചുപേരും മുന്നിലുണ്ടാകും. ഉയർത്തിയടിക്കുന്ന പന്ത് എതിർടീമിലുള്ളവർ പിടിച്ചാൽ (ക്രിക്കറ്റിലെ ക്യാച്ച് തന്നെ) അടിക്കുന്നവർ പുറത്താകും.പന്ത് നിലത്തുവീണുപോയാൽ അടിക്കുന്നവർക്ക് പോയന്റ് കിട്ടും. ഇനി പന്ത് മൈതാനത്ത് വീഴുകയാണെങ്കിൽ എതിർ കോർട്ടിലേക്ക് തട്ടിയകറ്റണം. ഇതിനിടെ പന്ത് ഉയർന്നുപോയാൽ എതിരാളികൾ പിടിച്ചെടുക്കും. നിലംപറ്റെ ഇരുവശത്തേക്കും തട്ടുന്നതിനിടെ കളിസ്ഥലത്തിന് പുറത്തുപോയാൽ അടിച്ചവർക്ക് പോയന്റ് നഷ്ടം. ഒറ്റ എന്നാണ് ആദ്യഭാഗത്തിന്റെ വിളിപ്പേര്. എതിരാളികളെ കബളിപ്പിച്ച് മൂന്ന്‌ പോയന്റ് നേടിയാൽ അടുത്തഘട്ടമായ ഇരട്ട തുടങ്ങും. അവിടെയും മൂന്ന്‌ പോയന്റ് വേണം. പിടിച്ചുകെട്ട്, താളം, കാലിൻകീഴ് എന്നീ പേരുകളിലാണ് അടുത്തഘട്ടങ്ങൾ.ഈ ഓരോ ഘട്ടവും കടക്കാൻ മൂന്ന് പോയന്റ്‌ തന്നെ വേണം. പന്തടിച്ചുതുടങ്ങുന്നത് കൈകൊണ്ടാണ്. അവസാന കടമ്പയായ ഇട്ടുതട്ടാകുമ്പോൾ ഫുട്‌ബോളിലെ കിക്കോഫ് പോലെ കാലുകൊണ്ടാണ് അടിക്കുന്നത്. ഇത്രയും എത്തുന്നതിന് മുൻപ് അഞ്ച് കളിക്കാരും പുറത്തായാൽ എതിർ ടീമിന്റെ ഊഴമാണ്. ഒരാളെങ്കിലും അവശേഷിക്കുകയാണെങ്കിൽ ഇട്ടുതട്ടും കഴിഞ്ഞ് വിജയിക്കാം. പട്ടം എന്നാണ് വിജയത്തിന്റെ വിളിപ്പേര്. എതിർടീമിന് അവസരം നൽകാതെ പരമാവധി പിടിച്ചുനിൽക്കാൻ കഴിയുന്നവരുടെ ടീമാണ് ജേതാക്കളാകുന്നത്.ഹരിപ്പാട് മുട്ടത്തെ എ.കെ.ജി. സ്മാരക ആർട്‌സ്‌ ആൻഡ് സ്പോർട്സ് ക്ലബ്ബ് (സർഗവേദി) വർഷങ്ങളായി ഓണക്കാലത്ത് നാടൻ പന്തുകളി മത്സരം നടത്താറുണ്ട്. ഇത്തവണയും ഓണനാളുകളിൽ നാലുദിവസം നീളുന്ന മത്സരമുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതിന് പ്രാഥമിക മത്സരം തുടങ്ങും. നാട്ടുകാരുടെ ടീമുകൾക്കൊപ്പം പുറത്തുനിന്നുള്ളവരും മത്സരിക്കാനെത്താറുണ്ട്. 14-നാണ് ഫൈനൽ.

ഫോട്ടോ http://v.duta.us/OPi82AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0XQn-wAA

📲 Get Alappuzha News on Whatsapp 💬