ക്ലീൻ പള്ളിക്കലാർ ചലഞ്ചിന് സ്കൂളുകളും

  |   Kollamnews

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ സംരക്ഷിക്കാനുള്ള സംരംഭത്തിനു പിന്തുണയുമായി കൂടുതൽ പേർ. കഴിഞ്ഞദിവസങ്ങളിൽ മികച്ച പിന്തുണയാണ് പള്ളിക്കലാർ ക്ലീൻ പള്ളിക്കലാർ ചലഞ്ചിന് ലഭിച്ചത്. കേരള യൂത്ത് െപ്രാമോഷൻ കൗൺസിൽ, പള്ളിക്കലാർ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയാണ് ക്ലീൻ പള്ളിക്കലാർ ചലഞ്ചിന് തുടക്കമിട്ടത്. പള്ളിക്കലാറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുകയാണ് ലക്ഷ്യം. കരുനാഗപ്പള്ളി ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും പി.ടി.എ.യും ചലഞ്ചിന് പിന്തുണയുമായി എത്തിയിരുന്നു. രണ്ടുദിവസം അധ്യാപകരും രക്ഷാകർത്താക്കളും ചലഞ്ചിൽ പങ്കാളികളായി. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സ്കൂളും ചലഞ്ചിൽ പങ്കാളിയാകും. അതിനോടനുബന്ധിച്ച് പള്ളിക്കലാറിന്റെ തീരത്ത് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ടൽച്ചെടികൾ െവച്ചുപിടിപ്പിക്കും. പള്ളിക്കലാർ ചലഞ്ചിന്റെ ഭാഗമായി ഇതിനകം രണ്ടുവള്ളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സാധിച്ചതായി യൂത്ത് െപ്രാമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷയും പള്ളിക്കലാർ സംരക്ഷണസമിതി സെക്രട്ടറി ജി.മഞ്ജുകുട്ടനും അറിയിച്ചു. ചന്തക്കടവുമുതൽ കന്നേറ്റിവരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കുന്നത്. വള്ളത്തിൽ എത്തിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ യൂണിറ്റുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. കരുനാഗപ്പള്ളി നഗരത്തിനോടു ചേർന്നുകിടക്കുന്ന പള്ളിക്കലാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. കുപ്പികളും വിവിധ കവറുകളുമെല്ലാം വൻതോതിൽ കായലിലേക്ക് വലിച്ചെറിയപ്പെടുന്നു. ചന്തക്കടവുമുതൽ കന്നേറ്റിവരെ പള്ളിക്കലാറിന്റെ തീരത്തോടുചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നുണ്ട്. ഈഭാഗത്ത് പലയിടത്തും ആറിന്റെ ഒഴുക്കുതന്നെ നിലച്ച അവസ്ഥയാണ്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കുകളിലാക്കി ആറ്റിൽ തള്ളുന്നതും പതിവാണ്.

ഫോട്ടോ http://v.duta.us/aXB_yQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-LfwxAAA

📲 Get Kollam News on Whatsapp 💬