ചാത്തന്നൂരിൽ തെരുവുനായശല്യം രൂക്ഷം; വിദ്യാർഥിനിക്കും അധ്യാപികയ്ക്കും കടിയേറ്റു

  |   Kollamnews

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ചാത്തന്നൂർ മംഗളം ജങ്ഷനിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അധ്യാപികയ്ക്കും വിദ്യാർഥിനിക്കും പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപിക താഴം തെക്ക് സ്വദേശി ദിവ്യ, ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ബിൻസി (13) എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റത്.കൂട്ടുകാരുമൊത്ത് ക്ലാസിനു വരികയായിരുന്ന ബിൻസിക്കുനേരേയാണ് ആദ്യം ആക്രമണമുണ്ടായത്. തെരുവുനായ്ക്കൾ വരുന്നതുകണ്ട് സഹപാഠികൾക്കൊപ്പം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബിൻസിയെ ആക്രമിക്കുകയായിരുന്നു. കണ്ടുനിന്ന നാട്ടുകാരും വിദ്യാർഥികളുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ട്യൂഷൻ സെന്ററിലേക്ക് വന്ന ദിവ്യയെയും ആക്രമിച്ചു. സമീപത്തെ സ്കൂളിലെ അധ്യാപകനും നാട്ടുകാരും ചേർന്ന്‌ ഇവരെ രക്ഷപ്പെടുത്തി. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാത്തന്നൂർ പഞ്ചായത്തിൽ ഏറം മാടൻകാവ് ക്ഷേത്രം, വെട്ടിക്കുന്നുവിള, കാഞ്ഞിരംവിള ഭഗവതീക്ഷേത്രത്തിനുസമീപം, സിവിൽ സ്റ്റേഷനുസമീപത്തെ പഞ്ചായത്തുവക പ്രൈവറ്റ് ബസ്‌ സ്റ്റാൻഡ്‌ തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം നായ്ക്കളുടെ വിശ്രമകേന്ദ്രമായിരിക്കുകയാണ്. ചാത്തന്നൂർ ശ്രീനാരായണ കോളേജ്, വിമല സെൻട്രൽ സ്കൂൾ, എസ്.എൻ.ട്രസ്റ്റ് സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ നടന്നുപോകുന്നത്‌ വെട്ടിക്കുന്നുവിള വഴിയാണ്‌. ഇവിടെ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതിനാൽ നിരവധി നായ്ക്കളാണ് റോഡ് െെകയടക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ കൂട്ടമായോപോലും വിദ്യാർഥികൾക്ക് പോകാൻപറ്റാത്ത അവസ്ഥയാണ്‌. നിരവധിതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം.

ഫോട്ടോ http://v.duta.us/M8Ma9wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KDh5DwAA

📲 Get Kollam News on Whatsapp 💬