പൊളിഞ്ഞ റോഡുകൾ: പിറവം എം.എൽ.എ. പി.ഡബ്ല്യു.ഡി. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി

  |   Ernakulamnews

പിറവം: പിറവം മേഖലയിലെ റോഡുകൾ അറ്റകുറ്റപ്പണി പോലും നടത്താത്തതിൽ പ്രതിഷേധിച്ച് അനൂപ് ജേക്കബ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും യു.ഡി.എഫ്. നേതാക്കളും പിറവത്ത് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ്‌ സമരം നടത്തി. മൂന്നു മണിക്കൂറോളം നീണ്ട സമരം ഉദ്യോഗസ്ഥരെത്തി നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിന് സമരം തുടങ്ങിയിട്ടും അസിസ്റ്റന്റ് എൻജിനീയറടക്കമുള്ളവർ ഓഫീസിൽ എത്തിയിരുന്നില്ല. തുടർന്ന് എം.എൽ.എ. ജില്ലാ കളക്ടർ എസ്. സുഹാസുമായി ബന്ധപ്പെട്ടു. ഉച്ചയോടെ തഹസിൽദാർ പി.എസ്. മധുസൂദനൻ എം.എൽ.എ.യെ കാണാനെത്തി. പിന്നാലെ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് എൻജിനീയർമാരും എത്തി ചർച്ച നടത്തി. തകർന്നു കിടക്കുന്ന റോഡുകൾ മുഴുവനും അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുക, മഴ മാറിയാലുടൻ ടാർ ചെയ്യുക, പണം അനുവദിച്ചിട്ടും പണികൾ നടത്താതിരുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. പിറവം നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ്, ഉപാധ്യക്ഷ അന്നമ്മ ഡോമി, സ്ഥിരം സമിതി അധ്യക്ഷർ, കോൺഗ്രസ്, കേരള കോൺഗ്രസ് ഭാരവാഹികൾ എന്നിവരാണ് ആദ്യം സമരത്തിനെത്തിയത്. എം.എൽ.എ. പൊതുമരാമത്ത് ഓഫീസിൽ കുത്തിയിരിക്കുന്നുവെന്ന് കേട്ടതോടെ കൂടുതൽ പ്രവർത്തകരെത്തി. എം.എൽ.എ. ഓഫീസിനകത്തും നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ്ബിന്റെ നേത്വത്തിൽ പുറത്തും സമരം തുടർന്നു.അസിസ്റ്റന്റ് എൻജിനീയറുടെ മുറിയിൽ മാധ്യമങ്ങളുമായി സംസാരിച്ച ശേഷം എം.എൽ.എ.യും പുറത്തേക്കു വന്ന് ഓഫീസിന്റെ നടയിൽ കുത്തിയിരുന്നു. പിറവം സി.ഐ. കെ.എസ്. ജയന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. പിറവം മേഖലയിലെ റോഡുകളെല്ലാം തകർന്ന് തരിപ്പണമായിട്ട് നാളുകളേറെയായി. നടക്കാവ് റോഡിന്റെ ഒലിയപ്പുറം മുതൽ പേപ്പതി വരെയുള്ള ഭാഗം ദേശീയപാതാ നിലവാരത്തിൽ ടാർ ചെയ്യാൻ ഏഴു കോടി രൂപ അനുവദിച്ചിട്ട് ഒന്നര കൊല്ലത്തിലേറെയായി. അഞ്ചൽപ്പെട്ടി-കാക്കൂർ ഭാഗം ടാർ ചെയ്യുന്നതിനായി ഒന്നേ മുക്കാൽ കോടി വേറെയും അനുവദിച്ചിട്ടുണ്ട്. റോഡ് നന്നാക്കുന്ന കാര്യം ഇതുവരെ ആരും ഉന്നയിച്ചിരുന്നതു പോലുമില്ല. എന്നാൽ, തുക അനുവദിക്കുന്നതല്ലാതെ റോഡിൽ യാതൊരു പണിയും നടക്കുന്നില്ല.എം.എൽ.എ. യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും പൊതുമരാമത്ത് ഓഫീസിൽ കുത്തിയിരിപ്പ്‌ തുടങ്ങിയതോടെ തന്നെ അധികൃതരുടെ നേതൃത്വത്തിൽ പാഴൂരിൽ റോഡിലെ കുഴികളടയ്ക്കാൻ തുടങ്ങിയിരുന്നു. മഴയ്ക്കിടയിൽ കുഴിയടയ്ക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പരാതിയുമായി വന്നതോടെ പണി നിർത്തുകയായിരുന്നു.

ഫോട്ടോ http://v.duta.us/dptQ-QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/mIie2gAA

📲 Get Ernakulam News on Whatsapp 💬