മുണ്ടൻകാവ് ഡിവൈഡറിൽ ബസ് ഇടിച്ചുകയറി 20 പേർക്ക് പരിക്ക്

  |   Alappuzhanews

ചെങ്ങന്നൂർ: മുണ്ടൻകാവ് ഡിവൈഡറിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചുകയറി 20 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന പത്താമത്തെ അപകടമാണിത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. 42 യാത്രക്കാരുമായി വൈക്കത്തിന് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.കവലയിലെ വെളിച്ചക്കുറവും സൂചനാബോർഡുകൾ ഇല്ലാത്തതും കാരണം ഡിവൈഡർ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ പറഞ്ഞു. ഡിവൈഡറിൽ കയറിയ ബസ് 15 മീറ്ററോളം നീങ്ങിയതിനുശേഷമാണ് നിന്നത്.സീറ്റിലെ കമ്പിയിലിടിച്ചാണ് യാത്രക്കാർക്ക് തലയ്ക്കും മുഖത്തിനും പരിക്കേറ്റത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ബസ് നീക്കംചെയ്യാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാറും സംസ്ഥാനസമിതി അംഗം ബി.കൃഷ്ണകുമാറും സ്ഥലത്തെത്തി തടഞ്ഞു.പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയിട്ടേ ബസ് മാറ്റാൻ സമ്മതിക്കൂ എന്ന് ആവശ്യപ്പെട്ട് ഇരുവരും ചേർന്ന് ഉപരോധം നടത്തി. അരമണിക്കൂറോളം ഇവർ റോഡിൽ കുത്തിയിരുന്നു. സി.ഐ. എം.സുധിലാൽ ചർച്ച നടത്തിയെങ്കിലും ഇരുവരും പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ആർ.ഡി.ഒ. ജി.ഉഷാകുമാരി ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം പ്രശ്നപരിഹാരം ഉറപ്പുനൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ബസ് ഡിവൈഡറിൽനിന്ന് നീക്കംചെയ്തത് പിന്നീടാണ്.യാത്രക്കാരെ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറ്റിവിട്ടു.അപകടങ്ങൾ നിരന്തരം നടക്കുന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ടി.പി. അധികൃതർ മുണ്ടൻകാവ് കവല സന്ദർശിച്ചിരുന്നു. എന്നാൽ, സുരക്ഷാബോർഡുകൾ ഒന്നുംതന്നെ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

ഫോട്ടോ http://v.duta.us/tlnkVAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/LwJq4gAA

📲 Get Alappuzha News on Whatsapp 💬