പഞ്ചായത്ത് ഫണ്ട് നൽകിയില്ല; മൂഴിയാർ വനത്തിലെ ആദിവാസിക്കുട്ടികൾക്കുള്ള ഭക്ഷണവിതരണം മുടങ്ങി

  |   Pathanamthittanews

സീതത്തോട്: സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഫണ്ട് നൽകാത്തതിനെ തുടർന്ന് മൂഴിയാറിലെ ആദിവാസിക്കുട്ടികൾക്കുള്ള ഭക്ഷണവിതരണം മുടങ്ങി. നാലുവർഷമായി മുടങ്ങാതെ നടത്തിയിരുന്ന ഭക്ഷണവിതരണം വെള്ളിയാഴ്ചയാണ് തടസ്സപ്പെട്ടത്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് വെള്ളിയാഴ്ച ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ചിരുന്ന ഓണാഘോഷ പരിപാടികൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുവിഭാഗം മെമ്പർമാർ ബഹിഷ്‌കരിച്ചു. സംഭവത്തെ ചൊല്ലി പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണപക്ഷഅംഗങ്ങൾക്കിടയിൽ രൂക്ഷമായ തർക്കവും ഉണ്ടായി.സുന്ദരബാല്യം സുഭക്ഷിതബാല്യം പദ്ധതി പ്രകാരം മൂഴിയാർ വനമേഖലയിലെ 36- ആദിവാസിക്കുട്ടികൾക്ക് കഴിഞ്ഞ നാലുവർഷമായി സീതത്തോട് ഗ്രാമപ്പഞ്ചായത്തിന്റെ ചുമതലയിൽ ഭക്ഷണം നൽകിവരികയായിരുന്നു. ആദിവാസിക്കുട്ടികളെ പട്ടിണിയിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം മുൻകൈ എടുത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇതിനാവശ്യമായ ഫണ്ട് നൽകിയിരുന്നത് സീതത്തോട് ഗ്രാമപ്പഞ്ചായത്തും കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത് കുടുംബശ്രീയുമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഭക്ഷണം തയ്യാറാക്കിനൽകുന്ന കുടുംബശ്രീക്ക് പഞ്ചായത്ത് ഫണ്ട് നൽകിയില്ല. ഏകദേശം രണ്ട് ലക്ഷത്തോടടുത്ത് തുകയുണ്ടെന്ന് പറയുന്നു. പഞ്ചായത്തിൽനിന്ന് ഫണ്ട് വൈകിയപ്പോഴും സാധനങ്ങൾ വിവിധയിടങ്ങളിൽനിന്ന് കടം വാങ്ങി ആദിവാസിക്കുട്ടികൾക്ക് ഇവർ ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ കടബാധ്യത വർധിച്ചതോടെ കുടുംബശ്രീ അംഗങ്ങൾക്കും ഭക്ഷണവിതരണം നടത്താൻ കഴിയാതെവന്നു. ഒരു മാസത്തിലധികമായി പണം ആവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങുകയായിരുന്നെങ്കിലും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പണം നൽകാതെ താമസിപ്പിക്കുകയാണുണ്ടായതെന്ന് വാർഡ് അംഗം ബീനാമോഹനൻ പറഞ്ഞു. പദ്ധതിക്കാവശ്യമായ ഫണ്ട് ഉണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥൻ തുക നൽകാതിരുന്നതെന്നും ആക്ഷേപമുണ്ട് . അതേസമയം ഫണ്ട് നൽകുന്നതിൽ നേരിയ കാലതാമസം സംഭവിച്ചതേയുള്ളൂവെന്നും വെള്ളിയാഴ്ച തന്നെ ഇവരുടെ പണം നൽകിയെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാമുഹമ്മദ് റാഫി പറഞ്ഞു.

ഫോട്ടോ http://v.duta.us/HbHA4AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/RkEUmgAA

📲 Get Pathanamthitta News on Whatsapp 💬